ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലുമായി കൈകോര്‍ക്കുന്നു

0
100

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആമേന്‍, അങ്കമാലി ഡയറീസ്, ഈമയു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചുരുളി എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ് മലയാള സിനിമയില്‍ പുതിയ ആഖ്യാനങ്ങള്‍ അവതരിപ്പിച്ചത്.

മമ്മൂട്ടി നായകനായ ‘നന്‍ പകല്‍ മയക്കം’ എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഇപ്പോള്‍ ഇതാ ലിജോ ജോസ് മോഹന്‍ലാലുമായി കൈകോര്‍ക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. പ്രോജക്ടുമായി ബന്ധപ്പെട്ട ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആവും ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തതത് മോഹന്‍ലാല്‍ ആയിരുന്നു.

പുതിയ പ്രോജക്റ്റ് ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകള്‍ മാത്രം നല്‍കിക്കൊണ്ടാണ് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. രണ്ട് പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്. അതില്‍ ഒന്നില്‍ പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു തോള്‍ സഞ്ചിയും മാത്രമാണുള്ളത്.

‘പ്രതിഭയും പ്രതിഭാസവും ഒന്നാകാന്‍ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങള്‍ കൈകോര്‍ക്കുന്നു.John and Mary Creative ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങള്‍ എത്തുന്നു. ഇന്ത്യന്‍ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങള്‍ക്കും പ്രവചിക്കാം.നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവര്‍ക്ക് ഒരു കിടിലം സര്‍പ്രൈസ് കാത്തിരിക്കുന്നു..ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം’. പോസ്റ്ററുകള്‍ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക എന്നാണ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല.