വീടിന് തീപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ദിനേശ് ചന്ദ്ര പാണ്ഡയ്ക്ക് ദാരുണാന്ത്യം. ലക്‌നൗവിലെ ഇന്ദിരാനഗറിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽപ്പെട്ടാണ് മരണം. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. വീട്ടിൽ തീ പടരുന്നത് കണ്ട് ദിനേശ് ചന്ദ്ര പാണ്ഡെയും ഭാര്യ അരുണയും മകൻ ശശാങ്കും വീടിന് പുറത്തിറങ്ങാൻ ശ്രമിച്ചു. എന്നാൽ പുറത്തിറങ്ങാൻ സാധിച്ചില്ല.
വിവരമറിഞ്ഞ് ഇന്ദിരാനഗർ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. എല്ലായിടത്തും പുക പടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ഓക്സിജൻ മാസ്‌കുകൾ ധരിച്ച് 8 മുതൽ 10 വരെ പേരടങ്ങുന്ന സംഘം വീടിന്റെ ഒന്നാം നിലയിൽ എത്തി കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തു. തിരച്ചിൽ നടത്തുന്നതിനിടെയാണ് ദിനേശ് ചന്ദ്ര പാണ്ഡെയും കുടുംബവും ഒരു മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ഫയർഫോഴ്സ് കണ്ടത്.
ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിനേശ് പാണ്ഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് കണ്ടെത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.