39-മത് സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായി എറണാകുളം ജില്ല

0
60

39-മത് സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായി എറണാകുളം ജില്ല. ഒക്ടോബർ 21 -22 തീയതികളിൽ കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ആലപ്പുഴയെ തോൽപ്പിച്ചാണ് എറണാകുളം ചാമ്പ്യൻമാരായത്. സീനിയർ സിംഗിൾസ് ഓപ്പൺ വിഭാഗത്തിൽ ആലപ്പുഴയുടെ അനീസ് ഇ കെ ഒന്നാം സ്ഥാനത്തെത്തി. എറണാകുളത്തിന്റെ പി കെ ഷാൻവർ, കോഴിക്കോടിനെ പ്രതിനിധീകരിച്ചെത്തിയ കെ പി ഹാരിസ് എന്നിവർ രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. മൂന്നും നാലും സ്ഥാനങ്ങൾ കോഴിക്കോടാണ് നേടിയത്.

വനിതാ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ശാരദാംബാൾ വിജയിച്ചു. രണ്ടാം സ്ഥാനം എറണാകുളം ടീമിലെ ജയശ്രീ കരസ്ഥമാക്കിയപ്പോൾ തൃശൂരിന്റെ പ്രതിനിധി അജിതയാണ് മൂന്നാം സ്ഥാനം നേടിയത്. എറണാകുളം ടീമിലെ സ്നേഹ തെരേസ, അഞ്ജു കൃഷ്ണൻ എന്നിവർ നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി. അഞ്ജു കൃഷ്ണൻ ഫ്ളവേഴ്സ് ടി വി ഡിജിറ്റൽ വിഭാഗത്തിലെ വിഡിയോ എഡിറ്റർ ആണ്.

കോഴിക്കോടുള്ള നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്ത സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തിൽ വിജയികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റും ട്രോഫിയും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഇന്റർനാഷണൽ അമ്പയർമാരായ പി എസ് മനോജും, എ കുമാറും ചേർന്നാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കൂടാതെ മൂന്നു ദിവസങ്ങളിലായി അമ്പയർ ടെസ്റ്റും നടത്തി. ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപ്, സ്റ്റേറ്റ് സെക്രട്ടറി ചന്ദ്രശേഖരൻ, ട്രഷറർ റിച്ചാർഡ് റയാൻ, കോഴിക്കോട് ട്രഷറർ മുനീർ ബട്ട്, കോഴിക്കോട് ജോയിന്റ്റ് സെക്രട്ടറി നൂഹ് എന്നിവർ ചേർന്ന് സമ്മാനദാനം നടത്തി.

എല്ലാ വിഭാഗങ്ങളിലുമായി 180ലധികം മത്സരങ്ങളാണ് നടന്നത്. അതേസമയം, സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയികളായ 12 പേർ നവംബർ 7 മുതൽ 11 വരെ ഡൽഹിയിൽ വെച്ച് നടക്കുന്ന 50- മത് നാഷണൽ കാരം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.