‘രാജി നൽകിയി‌ല്ലെങ്കിൽ എന്താണ് നടപടിയെന്ന് നോക്കട്ടെ’ ഗവർണറുടെ നിർദേശത്തിൽ പ്രതികരണവുമായി ഡോ.ഗോപിനാഥ് രവീന്ദ്രൻ

0
139

സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാർ തിങ്കളാഴ്ച രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശത്തിൽ പ്രതികരണവുമായി കണ്ണൂർ സർവകലാശാല വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ. രാജി നൽകിയി‌ല്ലെങ്കിൽ എന്താണ് നടപടിയെന്ന് നോക്കട്ടെ. ഗവർണർക്ക് വിസിമാരെ പുറത്താക്കാം, പക്ഷേ അതിന് മാനദണ്ഡമുണ്ട്. ഗവർണറുടെ നടപടി സർവകലാശാലകളിൽ അനിശ്ചിതത്വം ഉണ്ടാക്കുമെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

‘വിസി നിയമനവുമായി ബന്ധപ്പെട്ട് എന്റെ കേസ് ഇപ്പോൾ സുപ്രീം കോടതിയിലുണ്ട്. കോടതി പറയട്ടെ. അതനുസരിച്ച് നീങ്ങാം. പുറത്താക്കാനുള്ള ഓർഡർ വരട്ടെ എന്നിട്ട് തീരുമാനിക്കാം. രാജിവയ്ക്കില്ല. പിരിച്ചു വിടണമെങ്കിൽ അങ്ങനെ ചെയ്യാം. ഇന്ത്യയിൽ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല.’– ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

അതേസമയം, ഗവർണർ വിസിയെ ഫോണിൽ വിളിച്ച് രാജി ആവശ്യപ്പെട്ടതായി കേരള സർവകലാശാല ആരോപിച്ചു. രാജിവയ്ക്കില്ലെന്നും താൻ തിങ്കളാഴ്ച വിരമിക്കുകയാണെന്നും വിസി ഡോ. വി.പി. മഹാദേവൻ പിള്ള മറുപടി നൽകി. ഒക്ടോബർ 21 ന്റെ മുൻകൂർ തിയതിവച്ച് രാജിക്കത്ത് നൽകണമെന്നു ഗവർണർ ആവശ്യപ്പെട്ടതായും സർവകലാശാല അധികൃതർ പറഞ്ഞു.

സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഇന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11.30നകം രാജിവയ്ക്കണമെന്നാണ് നിർദേശം. സുപ്രീംകോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് ഗവർണറുടെ അസാധാരണ നടപടി. കേരള, എംജി, കൊച്ചി, കണ്ണൂർ, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്കൃതം, മലയാളം എന്നീ സർവകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.