ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

0
131

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് അറിയിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം യുവാവ് രംഗത്തെത്തിയിരുന്നു.

ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റിന് 2000 രൂപയും അനസ്തേഷ്യ ഡോക്ടർക്ക് 3000 രൂപയും കൊടുക്കേണ്ടി വന്നുവെന്നായിരുന്നു തലശ്ശേരി സ്വദേശിയായ യുവാവിന്റെ പരാതി. ചികിത്സയ്ക്ക് എത്തുന്ന എല്ലാവരിൽ നിന്നും പണം വാങ്ങുന്നുണ്ടെന്നും രോഗികളുടെ ജീവനെ കുറിച്ച് ആലോചിച്ച് ആരും പരാതിപ്പെടാറില്ലെന്നും യുവാവ് പറഞ്ഞിരുന്നു.

അതേസമയം ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ആരും കൈക്കൂലി വാങ്ങുന്നില്ലെന്നും സ്വകാര്യ പ്രാക്റ്റീസ് ഉള്ളതുകൊണ്ട് വീട്ടിൽ നിന്ന് വാങ്ങുന്നുണ്ടോ എന്ന് അറിയില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇന്നലെ ഉച്ചക്ക് രോഗിയുടെ ബൈസ്റ്റാൻഡർ വന്ന് കണ്ട് പരാതി തന്നിരുന്നു. എന്നാൽ എഴുതി തരാൻ ആവശ്യപ്പെട്ടെങ്കിലും തന്നില്ല.

അനസ്തേഷ്യ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. സ്ഥിരമായി ജോലി ചെയ്യേണ്ടി വരുമ്പോൾ പുറത്ത് നിന്ന് ഒരു പാനലുണ്ടാക്കി അവരെ വിളിക്കുകയാണ് പതിവ്. അവർക്ക് കൊടുക്കുന്ന 2000 രൂപ മതിയാകാതെ വരുമ്പോൾ കൂടുതൽ കൊടുക്കാൻ ഗൈനക്കോളജിസ്റ്റ് പറയുന്നുണ്ടാവാമെന്നും സൂപ്രണ്ട് വിശദീകരിച്ചു.