സൂര്യഗ്രഹണം സംഭവിക്കുന്ന ഒക്ടോബർ 25ന് പൊതു അവധി പ്രഖ്യാപിച്ച് ഒഡീഷ

0
131

സൂര്യഗ്രഹണം സംഭവിക്കുന്ന ഒക്ടോബർ 25ന് പൊതു അവധി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. സർക്കാർ ഓഫീസുകൾക്ക് പുറമേ, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ബാങ്കുകൾ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണമാണ് ഒക്ടോബർ 25 ന് നടക്കാനിരിക്കുന്നത്. ഇന്ത്യയിൽ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.

യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കു-കിഴക്കൻ ഭാഗങ്ങൾ, പടിഞ്ഞാറൻ ഏഷ്യ, വടക്കൻ അറ്റ്‌ലാന്റിക് സമുദ്രം, വടക്കൻ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും. കേരളത്തിൽ സൂര്യഗ്രഹണം ദൃശ്യമായേക്കില്ല.

വൈകുന്നേരം 04:29 മുതൽ ദൃശ്യമാകുന്ന സൂര്യഗ്രഹണം 05:42 ഓടെ അവസാനിക്കും, പരമാവധി ഗ്രഹണ സമയം വൈകുന്നേരം 05:30 ന് ആയിരിക്കും. 2022ലെ രണ്ടാമത്തെ സൂര്യഗ്രഹണമായിരിക്കും ഇത്.

ഇന്ത്യൻ സ്റ്റാൻഡേർ സമയം ഏകദേശം 02:29 ന് ഐസ്‌ലാൻഡിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. റഷ്യയിൽ 04.30 ഓടെ ഗ്രഹണം ദൃശ്യമായി ഏകദേശം ആറ് മണിയോടെ അവസാനിക്കും.

ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളും സമയവും

ന്യൂഡൽഹി: വൈകുന്നേരം 04:28 മുതൽ 05:42 വരെ

മുംബൈ: വൈകുന്നേരം 04:49 മുതൽ 06:09 വരെ

ഹൈദരാബാദ്: വൈകുന്നേരം 04:58 മുതൽ 05:48 വരെ

ബെംഗളൂരു: വൈകുന്നേരം 05:12 മുതൽ 05:56 വരെ

ചെന്നൈ: വൈകുന്നേരം 05:13 മുതൽ 05:45 വരെ

കൊൽക്കത്ത: വൈകുന്നേരം 04:51 മുതൽ 05:04 വരെ

ഭോപ്പാൽ: വൈകുന്നേരം 04:42 മുതൽ 05:47 വരെ

ചണ്ഡീഗഡ്: വൈകുന്നേരം 04:23 മുതൽ 05:41 വരെ

എന്താണ് സൂര്യഗ്രഹണം?

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ സംഭവിക്കുന്ന സമയത്ത് ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുകയും ഭൂമിയിലെ ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശം ലഭിക്കാതെ വരുകയും ചെയ്യും.
ഏപ്രിൽ 30 നായിരുന്നു ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം.