‘ഡോളര്‍ കരുത്താര്‍ജിക്കുന്നു’; എന്തുകൊണ്ട്, എങ്ങനെ ബാധിക്കും?

0
97

മറ്റു രാജ്യങ്ങളുടെ കറൻസികൾക്കെതിരെ യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നത് തുടരുന്നു. ഡോളർ കരുത്താർജിക്കുന്നുവെന്നു പറയുമ്പോൾ നമ്മൾ മനസിലാക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇതാണ് താഴെ പറയുന്നത്.

​എന്തുകൊണ്ട് ഡോളർ ശക്തമാകുന്നു?

പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുന്നതാണു പ്രധാന കാരണം. നിരക്കുകൾ ഉയർത്തിയതോടെ നിക്ഷേപ പദ്ധതികളുടെയും, ബോണ്ടുകളുടേയും വരുമാനം കുതിച്ചു. അടിസ്ഥാനപരമായി ഇവ ഡോളറിൽ വരുമാനം നൽകുന്നു. ഇതോടെ ഡോളർ ശക്തമായി.

സ്വർണം, ഓഹരി വിപണികളുടെ തളർച്ചയ്ക്കു വഴിവച്ചതും നിക്ഷേപ പദ്ധതികളുടെ വരുമാനം വർധിച്ചതു തന്നെ. കറൻസികളുടെ മൂല്യം നിശ്ചയിക്കാൻ അടിസ്ഥാനമായി അംഗീകരിച്ചിരിക്കുന്ന കറൻസി ഡോളർ ആണ്. ഡോളർ ശക്തമാകുന്നതോടെ മറ്റു കറൻസികളുടെ മൂല്യം ഇടിയുന്നതു സ്വാഭാവികം മാത്രം. ഇതു മറ്റു രാജ്യങ്ങളുടെ കറൻസികളുടെ ശേഷി കുറഞ്ഞെന്നല്ല അർത്ഥമാക്കുന്നത്. അ‌തേസമയം ചെലവുകളെ ബാധിക്കും.

​എന്താണ് യുഎസ് ഡോളർ സൂചിക?

വളരെ ലളിതമായി പറഞ്ഞാൽ തെരഞ്ഞെടുത്ത മറ്റ് രാജ്യങ്ങളുടെ കറൻസികളുടെ ഒരു കൂട്ടത്തെ ആസ്പദമാക്കി യുഎസ് ഡോളറിന്റെ മൂല്യം കണക്കാക്കുന്നതിനെയാണു യുഎസ് ഡോളർ സൂചിക എന്നു വിശേഷിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളുടെ കറൻസികളുടെ മൂല്യം നിർണയിക്കുന്നതിൽ ഈ സൂചികകയ്ക്കു വലിയ പങ്കുണ്ട്.
​യുഎസ് ഡോളറും മറ്റ് കറൻസികളും

അടുത്തിടെ യുഎസ് ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസി ജാപ്പനീസ് യെൻ ആണ്. 2022-ൽ മാത്രം യെന്നിന് അതിന്റെ നാലിലൊന്ന് മൂല്യം നഷ്ടപ്പെട്ടു. നിലവിൽ ഒരു ഡോളർ വാങ്ങണമെങ്കിൽ 150 യെന്നോളം ചെലവഴിക്കണം. 1992-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന മൂല്യമാണിത്.

മറ്റ് രാജ്യങ്ങളുടെ കറൻസികൾക്കും യുഎസ് ഡോളറിനെതിരെ ഗണ്യമായി മൂല്യം നഷ്ടപ്പെട്ടു. 20 വർഷത്തിനിടെ ആദ്യമായി യൂറോ ഒരു ഡോളറിനു താഴെയായി. ഇന്നലെ രാജി പ്രഖ്യാപിച്ച ബ്രിട്ടന്റെ പ്രധാനമന്ത്രി ലിസ് ട്രസിന്റെ നികുതി ഇളവുകൾ പൗണ്ടിനെ യുഎസ് ഡോളറിന് തുല്യമാക്കിയിരുന്നു. പക്ഷെ നിലവിലെ സാഹചര്യങ്ങൾ പൗണ്ടിനെ വല്ലാതെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്.

സ്വതന്ത്രമായ തകർച്ച തടയാൻ ആർബിഐ ഇടപെട്ടതിനെത്തുടർന്ന് ഇന്ത്യൻ രൂപ യൂറോ, പൗണ്ട് എന്നിവയേക്കാൾ മികച്ച നിലയിലാണ്. എന്നാൽ സിറ്റിയും, ബാർക്ലേസും പ്രവചിക്കുന്നത് ആർബിഐ രൂപയ്ക്ക് മേലുള്ള പിടി അയച്ചേക്കുമെന്നാണ്. ഇതോടെ ഡോളറിനെതിരെ രൂപ 85 ലേക്ക് വീണേക്കുമെന്നും ഇവർ പ്രവചിക്കുന്നു. രൂപയ്ക്കായി വിദേശ കരുതൽ ശേഖരം കൈവിടാൻ ആർബിഐ തയ്യാറാല്ലെന്നു വേണം കരുതാൻ.
​ഡോളർ ശക്തമായാൽ

യുഎസ് ഡോളറിന്റെ മൂല്യം പിടിവിട്ട് ഉയരുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് പല തരത്തിൽ ദോഷമാണ്. പ്രധാന വെല്ലുവിളികൾ താഴെ നൽകുന്നു.

ഇത് മറ്റ് രാജ്യങ്ങൾക്ക് ഇറക്കുമതി കൂടുതൽ ചെലവേറിയതാക്കുന്നു. ഇതു പണപ്പെരുപ്പം നിയന്ത്രിക്കുന്നത് ദുഷ്‌കരമാക്കും. പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾക്ക്.
യുഎസ് ഡോളറിൽ കടമെടുത്ത കോർപ്പറേറ്റുകൾക്ക് കാര്യങ്ങൾ വൻ അടിയാണ്. വായ്പ തിരിച്ചടയ്ക്കാൻ കമ്പനികൾ ശരിക്കും ബുദ്ധിമുട്ടും. വലിയ നഷ്ടത്തിനു വഴിവയ്ക്കും.
ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ അവരുടെ കറൻസി യുഎസ് ഡോളറിനെതിരെ സ്ഥിരത നിലനിർത്താൻ പലിശ നിരക്ക് ഉയർത്താൻ നിർബന്ധിതമാകും. വായ്പാ നിരക്കുകൾ ഉയരുമ്പോൾ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ ദുർബലമാക്കും.

​ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുന്നു?

ഉപഭോക്താക്കളെയും ഡോളറിന്റെ പിടിവിട്ടുള്ള കയറ്റം ബാധിക്കും. എങ്ങനെ എന്നാണോ? താഴെ പറയുന്ന ചില കാര്യങ്ങൾ നിത്യ ജീവിതത്തെ നേരിട്ടു ബാധിക്കുന്നത്.

വായ്പ ഇഎംഐകൾ കുതിക്കും. പുതിയ വായ്പകൾ ദുഷ്‌കരമാകും. ഇതോടെ വാഹന വിൽപ്പനകളും തകിടം മറിയും.
ഡോളറിൽ ഇടപാട് നടത്തുന്ന എണ്ണ തികച്ചും വെല്ലുവിളി ഉയർത്തും. ഇന്ധനച്ചെലവ് വർധിക്കും. ഇതു അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനു വഴിവയ്ക്കും. ഇന്ധനച്ചെലവും വർധിക്കും. പണപ്പെരുപ്പം പറക്കും.
സ്വർണം കൂടുതൽ അസ്ഥിരമാകും. ഡോളർ കരുത്താർജിക്കുന്നതോടെ മറ്റു നിക്ഷേപ പദ്ധതികൾ ആകർഷകമാകും.
ഓഹരി വിപണികൾ പ്രവചനാതീത നീക്കങ്ങൾക്കു സാക്ഷ്യം വഹിക്കും. ഡോളറിനെ അമിതമായി ആശ്രയിക്കുന്ന ഐടി, ടെക് ഓഹരികൾ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വരും.