Wednesday
17 December 2025
30.8 C
Kerala
HomeKeralaടൂറിസ്റ്റ് ബസുകളിൽ ഏകീകൃത കളർകോഡ് നടപ്പാക്കുന്നതിൽ ഇളവ് നൽകിയ ഉത്തരവ് തിരുത്തി മോട്ടോർ വാഹന വകുപ്പ്

ടൂറിസ്റ്റ് ബസുകളിൽ ഏകീകൃത കളർകോഡ് നടപ്പാക്കുന്നതിൽ ഇളവ് നൽകിയ ഉത്തരവ് തിരുത്തി മോട്ടോർ വാഹന വകുപ്പ്

ടൂറിസ്റ്റ് ബസുകളിൽ ഏകീകൃത കളർകോഡ് നടപ്പാക്കുന്നതിൽ ഇളവ് നൽകിയ ഉത്തരവ് തിരുത്തി മോട്ടോർ വാഹന വകുപ്പ്. എല്ലാ ടൂറിസ്റ്റ് ബസുകളും കളർകോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങൾ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാൻ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഏകീകൃത നിറം നിർബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റർ ചെയ്ത, ചെയ്യുന്ന വാഹനങ്ങൾക്കും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങൾക്കും വെള്ള നിറം അടിക്കണമെന്നതായിരുന്നു നിർദേശം. അതേസമയം നിലവിൽ ഫിറ്റ്നസ് ഉള്ള വാഹനങ്ങൾക്ക്, അടുത്ത തവണ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം. ഈ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് കണ്ടാണ് ഇപ്പോൾ ഉത്തരവ് തിരുത്തി ഇറക്കിയിരിക്കുന്നത്. പുതിയ ഉത്തരവനുസരിച്ച് എല്ലാ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളും വെള്ളക്കളറിലേക്ക് മാറണം, നിറം മാറ്റാതെ നിരത്തിൽ ഇറങ്ങിയാൽ പിഴ ചുമത്തും. ഫിറ്റ്നസ് റദ്ദാക്കും. ഉത്തരവിനെതിരെ കോൺട്രാക്ട് കാര്യേജ് ഉടമകളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. എംവിഡിയുടെ ഉത്തരവുകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നാണ് പരാതി.

നിറം മാറ്റാൻ തയ്യാറാണെന്നും ഇതിന് സമയം അനുവദിക്കണമെന്നും കോൺട്രാക്ട് കാര്യേജ് ഉടമകൾ ഗതാഗത മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച്, ഹൈക്കോടതിയിലെ കേസിൽ സംഘടന കക്ഷി ചേർന്നെങ്കിലും അവിടെ നിന്നും അനുകൂല തീരുമാനമുണ്ടായില്ല. ഇതിനിടെ കെഎസ്ആർടിസി ബസുകളിൽ നിന്ന് പരസ്യം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കെഎസ്ആർടിസി സമയം തേടിയിട്ടുണ്ട്. ബസുകളെ പരസ്യം കൊണ്ട് മൂടാനാകില്ല എന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. എന്നാൽ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാൻ കെഎസ്ആർടിസിക്ക് നിയമപരമായ അനുമതി ഉണ്ടെന്ന് കേസ് പരിഗണിക്കവേ സർക്കാർ അറിയിച്ചിരുന്നു. അതേസമയം ജംഗിൾ സഫാരി ബസുകളിലെ ഗ്രാഫിക് സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ തുടങ്ങിയ പരിശോധനയിൽ 448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നാണ് എംവിഡി ഇന്നലെ കോടതിയെ അറിയിച്ചത്. ഒക്ടോബർ 7 മുതൽ 16 വരെ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങളാണ് മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചത്. 14 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു. ഇക്കാര്യം രേഖപ്പെടുത്തിയ ബെഞ്ച്, ഗതാഗത കമ്മീഷണർ ഈ മാസം 28ന് നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും, കോടതി ഉത്തരവുകൾ നടപ്പിലാക്കിയതും ഗതാഗത കമ്മീഷണർ വിശദീകരിക്കണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും, പി.ജി.അജിത് കുമാറും അടങ്ങിയ ബെഞ്ച് നിർദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments