കുട്ടികൾ ഒരുതരത്തിലും ചൂഷണത്തിന് ഇരയാകാൻ പാടില്ല: മുഖ്യമന്ത്രി

0
101

കുട്ടികൾ ശാരീരികവും മാനസികവും ലൈംഗികവുമായവയടക്കം ഒരുതരത്തിലുമുള്ള ചൂഷണത്തിനും ഇരയാകാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് തുടങ്ങിയവയ്ക്ക് ഇക്കാര്യത്തിൽ വലിയ ഇടപെടൽ നടത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ്പ് ‘കുഞ്ഞാപ്പ്’-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും കോവളം വെള്ളാർ കേരള ആർട്‌സ് ആന്റ് ക്രഫ്റ്റ് വില്ലേജിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുട്ടികൾക്കെതിരായ ചൂഷണങ്ങളെ ചെറുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ സമൂഹത്തിലാകെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും കുട്ടികളെ ഉത്തമ പൗരൻമാരാക്കുകയും ചെയ്യുക എന്നതാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ചുമതല. വരും തലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്കാണ് ഇവർ വഹിക്കുന്നത്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തണം. സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങളുടെ ബാഗിന്റെ ഭാരത്തിൽ ചില ക്രമീകരണം സർക്കാർ സ്‌കൂളുകളിൽ വരുത്തിയിട്ടുണ്ട്. എന്നാൽ മറ്റ് സ്‌കൂളുകളിൽ ബാഗിന്റെ ഭാരം കുട്ടികൾക്ക് താങ്ങാൻ കഴിയാത്തിവിധമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കുട്ടികളിൽ ആരോഗ്യ പ്രശ്‌നത്തിനും കാരണമാകുന്നു. അക്കാര്യങ്ങളും ശ്രദ്ധിക്കണം.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലം, പണം എന്നിവയൊന്നും സ്വാധീനിക്കരുത്. കുട്ടികളുടെ ഉറ്റവരോ ഉടയവരോ ആണെങ്കിലും നടപടിയുണ്ടാകണം. നിഷിപ്ത താത്പര്യക്കാരേയും തിരിച്ചറിയണം. നിയമം തെറ്റിക്കുന്ന കുട്ടികളുടെ കാര്യത്തിൽ കരുതലുണ്ടാകും. അവരെ ശരിയുടെ പാതയിൽ നയിക്കാൻ കാതലായ മാറ്റം വേണ്ടി വന്നേക്കാം. അതും കൂടി കണ്ടുവേണം ജുവനൈൽ ജസ്റ്റിസ് ബോർഡ്, സി.ഡബ്ല്യു.സി. അംഗങ്ങൾ പ്രവർത്തിക്കാൻ. അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒപ്പം തന്നെ പ്രധാനമാണ് സുരക്ഷയൊരുക്കലും. അതിനാണ് കാവൽ, കാവൽ പ്ലസ് എന്നീ പദ്ധതികൾ ആവിഷ്‌ക്കരിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് വാത്സല്യ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ‘കുഞ്ഞാപ്പ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ ജില്ലാതലത്തിൽ ഒരു റാപിഡ് റെസ്‌പോൻസ് ടീം രൂപികരിച്ച് അടിയന്തിരമായി ഇടപെടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിശുസംരക്ഷണത്തിനും ക്ഷേമത്തിനും വികസനത്തിനും സർക്കാർ വലിയ പ്രാധാന്യമാണു നൽകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓരോ കുഞ്ഞും വിലപ്പെട്ടതാണ്. ആർദ്രതയോടെ കരുതലും സ്നേഹവും അവർ അർഹിക്കുന്നു. അതനുസരിച്ചുള്ള പ്രവർത്തനങ്ങളാണു വനിതാ ശിശു വികസന വകുപ്പ് നടത്തിവരുന്നത്. കുട്ടികളുടെ ഉത്തമ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. പല കേസുകളിലും കുഞ്ഞുങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടതാണ്. കുഞ്ഞാപ്പ്, കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും ഉപയോഗിക്കാവുന്നതാണ്. കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണവും സേവനങ്ങളും ഈ ആപ്പിലുണ്ട്. ഏതെങ്കിലും കുഞ്ഞ് അക്രമത്തിനിരയായാൽ റിപ്പാർട്ട് ചെയ്യാനും സാധിക്കും. കുഞ്ഞുങ്ങളുടെ മികച്ച പരിചരണത്തിന് ഓരോ പഞ്ചായത്തിലും പാരന്റിംഗ് ക്ലിനിക് ഉണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട ഓരോ വിഷയവും വളരെ പ്രധാനപ്പെട്ടതാണ്. നിസാരമായി കാണാതെ എല്ലാ വിഷയങ്ങളിലും ഇടപെടലുകളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി പി. ചാലി മുഖ്യപ്രഭാഷണം നടത്തി. എം. വിൻസന്റ് എം.എൽ.എ., സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ, യൂണിസെഫ് കേരള, തമിഴ്‌നാട് സോഷ്യൽ പോളിസി ചീഫ് കെ.എൽ. റാവു, സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ് കുമരേശൻ എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റേറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാനും ഹൈക്കോടതി മുൻ ജഡ്ജിയായ ജസ്റ്റിസ് വി.കെ. മോഹനൻ സ്വാഗതവും വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക നന്ദിയും പറഞ്ഞു.