പാർട്ടി മെമ്പർഷിപ് കൂട്ടാൻ ബിരിയാണി വിതരണവുമായി AIMIM നേതാവ്

0
83

മധ്യപ്രദേശിലെ ഭോപ്പാലില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് കൂട്ടാനായി എഐഎംഐഎം നേതാവ് ബിരിയാണിയും പ്രഭാതഭക്ഷണവും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. നരേല അസംബ്ലി മണ്ഡലത്തിലെ പുതിയ പാര്‍ട്ടി അംഗങ്ങള്‍ക്കാണ് പീര്‍സാദ തൗഖീര്‍ നിസാമിയുടെ നേതൃത്വത്തിലുള്ള ബിരിയാണി വിതരണം. സംസ്ഥാനത്ത് അടുത്തിടെ നടന്ന നഗര തെരഞ്ഞെടുപ്പില്‍ എഐഎംഐഎം ആദ്യമായി ഏഴ് സീറ്റുകള്‍ നേടിയതിന് പിന്നാലെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ നീക്കം

‘അവരുടെ മുന്‍ പാര്‍ട്ടികളില്‍ അര്‍ഹമായ ബഹുമാനം ലഭിക്കാത്ത ആളുകളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അത് ബിജെപി ആയാലും കോണ്‍ഗ്രസായാലും. അവര്‍ ഞങ്ങളുടെ ഓഫീസില്‍ പാര്‍ട്ടിയില്‍ ചേരാന്‍ വരുമ്പോള്‍ ബഹുമാന സൂചകമായി ഞങ്ങള്‍ ബിരിയാണിയോ പ്രഭാതഭക്ഷണമോ നല്‍കും. നമ്മുടെ വീടുകളില്‍ അതിഥികളെത്തുമ്പോള്‍ സമൂസയും ചായയും നല്‍കുന്നത് പോലെ,”പീര്‍സാദ തൗഖീര്‍ നിസാമി പിടിഐയോട് പറഞ്ഞു. ‘അവര്‍ ശരിയായ സ്ഥലത്ത് എത്തിയെന്ന് അവര്‍ക്ക് തോന്നണം. ഞാന്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഭോപ്പാലില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്നോട് പറഞ്ഞിട്ടുണ്ട്’, നിസാമി കൂട്ടിച്ചേര്‍ത്തു.

സിവില്‍ തിരഞ്ഞെടുപ്പുകളില്‍ എഐഎംഐഎമ്മിന്റെ കടന്നുവരവ് കോണ്‍ഗ്രസിനെ വന്‍തോതില്‍ തകര്‍ത്തു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ 50 സീറ്റുകളില്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്നാണ് എഐഎംഐഎം നേതാക്കളുടെ അവകാശവാദം.