സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്താൻ ആർഎസ്‌എസ്‌ ശ്രമം

0
114

സിപിഐ എം ലോക്കൽ സെക്രട്ടറിക്ക് നേരെ ആർഎസ്എസ് വധശ്രമം. സിപിഐ എം നെയ്യാർഡാം ലോക്കൽ സെക്രട്ടറിയും കാട്ടാക്കട ഏരിയാകമ്മിറ്റി അംഗവുമായ കെ സുനിൽ കുമാറി (58) ന് നേരെയാണ് ബുധനാഴ്ച രാത്രി എട്ടോടെ ആക്രമണം ഉണ്ടായത്.  ആക്രമണത്തിൽ കൈക്കും  കാലിനും നിരവധി  പൊട്ടലുണ്ട്. സുനിലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മകൾ താമസിക്കുന്ന കള്ളിക്കാടുനിന്ന്  കിള്ളിപ്പാലത്തെ വീട്ടിലേക്ക് ബൈക്കിൽ സഹോദരിക്കൊപ്പം സുനിൽ യാത്ര ചെയ്യുമ്പോൾ മറ്റൊരു ബൈക്കിൽ പിന്തുടർന്ന് എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്.

ആർഎസ്എസിനെ അറിയാമോടാ.. ആർഎസ്എസിനോട് കളിക്കുമോടാ എന്നിങ്ങനെ ആക്രോശിച്ച്‌  ബൈക്ക് ചവിട്ടിമറിച്ചു. തുടർന്ന്‌  ഇരുമ്പ് ദണ്ഡുകൾകൊണ്ട്‌ ശരീരമാസകലം തുരുതുരെ അടിച്ചു. കൈകളും കാലുകളും മറ്റ് ശരീരഭാഗങ്ങളും നിരവധി തവണ തല്ലിച്ചതച്ചു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്‌ക്ക് പരിക്കേറ്റില്ല. ബഹളംകേട്ട് നാട്ടുകാർ കൂടിയതോടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. രണ്ട് ദിവസം മുൻപ് ബിജെപി, ആർഎസ്എസ് നേതൃത്വത്തിൽ കള്ളിക്കാട് യോഗം നടത്തി സിപിഐ എമ്മിനും ഡിവൈഎഫ്ഐയ്‌ക്കും എതിരെ കൊലവിളി മുഴക്കിയിരുന്നു.