മില്ലുടമകൾ നിസ്സഹകരണം അവസാനിപ്പിച്ചു ; നെല്ല് സംഭരണം ഇന്നുമുതൽ

0
153

സംസ്ഥാനത്ത് വെള്ളിയാഴ്ചമുതൽ നെല്ലുസംഭരണം പൂർണതോതിലേക്ക്. മന്ത്രി ജി ആർ അനിൽ നടത്തിയ ചർച്ചയെത്തുടർന്ന് മില്ലുടമകൾ നിസ്സഹകരണം അവസാനിപ്പിച്ചു. വിട്ടുനിന്ന 54 മില്ലുകൂടി നെല്ല് സംഭരിക്കുന്നതോടെ കർഷകർക്ക് ആശ്വാസമാകും. മൂന്നു മാസത്തിനുള്ളിൽ മില്ലുടമകളുടെ ആവശ്യങ്ങൾ പരിഹരിക്കുമെന്ന്‌ മന്ത്രി ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 2023 ജനുവരി 31 വരെ നെല്ല് സംഭരിക്കാൻ റൈസ് മില്ലേഴ്സ് അസോസിയേഷൻ സപ്ലൈകോയുമായി കരാറുണ്ടാക്കും.

പ്രകൃതിക്ഷോഭത്തിലെ നഷ്ടപരിഹാരമായി 15 കോടി രൂപ വിതരണം ചെയ്യുക, നെല്ലിന്റെ ഔട്ട് ടേൺ (ഒരു ക്വിന്റൽ നെല്ല്‌ വേർതിരിക്കുമ്പോൾ പൊതുവിതരണ സംവിധാനത്തിലേക്ക്‌ തിരികെ നൽകേണ്ട അരി) അനുപാതം 68ൽ നിന്ന്‌ 64.5 ശതമാനമാക്കുക, മില്ലുടമകൾക്ക് സപ്ലൈകോ കൈകാര്യ ചെലവിനത്തിൽ നൽകുന്ന തുകയിൽ ജിഎസ്ടി ഒഴിവാക്കുക തുടങ്ങിയവയാണ് മില്ലുടമകളുടെ ആവശ്യങ്ങൾ.

ഔട്ട്‌ ടേൺ അനുപാതം 68 കിലോയായി പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. നഷ്ടപരിഹാരത്തുക ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽനിന്ന് അനുവദിക്കുന്നത്‌ പരിഗണിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർക്കാൻ ചീഫ് സെക്രട്ടറിയോട്‌ നിർദേശിച്ചു.  കൈകാര്യ ചെലവിന്മേൽ ഈടാക്കിയ ജിഎസ്ടി പിൻവലിക്കണമെന്ന് ധനമന്ത്രി വഴി ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ സംഭരിച്ചത് 
7047 ടൺ
നാല് മില്ലുടമകൾ നേരത്തെ തന്നെ സപ്ലൈകോയുമായി നെല്ലുസംഭരണത്തിന് കരാറൊപ്പിട്ടിരുന്നു. ഇവ അഞ്ചുജില്ലയിൽനിന്നായി ഇതുവരെ 7047 ടൺ നെല്ല് സംഭരിച്ചു.