Saturday
10 January 2026
26.8 C
Kerala
HomeHealthശബരിമലയില്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

ശബരിമലയില്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാന്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 24 മണിക്കൂറും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി സ്‌ക്വാഡുകളും പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രധാന ജലസ്‌ത്രോതസുകളില്‍ നിന്നും വെള്ളം ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയയ്ക്കും. ഒരു ഹോട്ടലിലെ ഒരു ജീവനക്കാരനെങ്കിലും ഭക്ഷ്യസുരക്ഷാ പരിശീലനം നല്‍കും. ഇതുകൂടാതെ അന്നദാനം നടത്തുന്നവര്‍ക്കും പരിശീലനം നല്‍കും. കുമളി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സീസണ് മുമ്പ് പ്രത്യേക പരിശോധനകളും നടത്തുന്നതാണ്.

ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പമ്പയിലും സന്നിധാനത്തും താത്ക്കാലിക ഭക്ഷ്യ സുരക്ഷാ പരിശോധനാ ലാബ് ആരംഭിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെ ഇവിടെ നിയമിക്കും. പ്രസാദങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഈ ലാബുകളില്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ ലാബില്‍ അയയ്ക്കുന്നതാണ്.

മൊബൈല്‍ ലാബിന്റെ സേവനം ലഭ്യമാക്കും. ഇതുകൂടാതെ പല ഭാഷകളില്‍ ഭക്ഷ്യസുരക്ഷാ അവബോധം നല്‍കുന്നതാണ്. എല്ലാ കടകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. പത്തനംതിട്ട അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണറും ജോയിന്റ് ഫുഡ് സേഫ്റ്റി കമ്മീഷണറും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments