സ്വർണം മുക്കിയ തോർത്തുകൾ, കടത്തലിന് പുതിയ തന്ത്രം; ഒരാൾ പിടിയിൽ

0
77

ദുബായിൽ നിന്നും സ്വർണം മുക്കിയ തോർത്തുകളുമായെത്തിയ യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ഈ മാസം 10ന് ദുബായില്‍ നിന്നും സ്‌പൈസ് ജെറ്റില്‍ നെടുമ്പാശേരിയില്‍ എത്തിയ തൃശൂര്‍ സ്വദേശി ഫഹദ് (26) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ (ബാത്ത് ടൗവ്വലുകള്‍) മുക്കിയെടുത്തശേഷം പായ്ക്ക് ചെയ്ത് കടത്താനായിരുന്നു ശ്രമം.
പരിശോധനയില്‍ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നി.

ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമായിരുന്നു മറുപടി. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സമാന രീതിയില്‍ കുടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗത്തിന്റെ ചുരുള്‍ അഴിഞ്ഞത്. സ്വര്‍ണത്തില്‍ മുക്കിയ അഞ്ചു തോര്‍ത്തുകളാണ് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്.

ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണം ഉണ്ടാകുമെന്നു കൃത്യമായി പറയാന്‍ കുറച്ചു ദിവസമെടുക്കുമെന്നും ശാസ്ത്രീയ രീതിയിലുള്ള പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ആദ്യമായിട്ടാണ് ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.