തുടർച്ചയായ രാജികളും ആരോപണങ്ങളും സാമ്പത്തികപ്രതിസന്ധിയും; ബ്രിട്ടനിൽ ലിസ് ട്രസ് മന്ത്രിസഭ ആടിയുലയുന്നു

0
80

ബ്രിട്ടനിൽ ലിസ് ട്രസ് മന്ത്രിസഭ ആടിയുലയുന്നു. തുടർച്ചയായ രാജികളും ആരോപണങ്ങളും സാമ്പത്തികപ്രതിസന്ധിയും സർക്കാരിനെ ഉലയ്ക്കുകയാണ്. രാജിവെച്ച ഹോം സെക്രട്ടറി ബ്രേവർമാൻ പ്രധാനമന്ത്രി ലിസ് ട്രസിനു നേരെ രൂക്ഷ വിമർശനം ഉയർത്തി. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ, ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാനും രാജിവെക്കാൻ നിർബന്ധിതയായി.

ബ്രെവർമാന്റെ രാജിക്ക് തൊട്ടു മുമ്പായി, ബ്രിട്ടീഷ് ഹൌസ് ഓഫ് കോമൺസിൽ നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാക് പോരുകളും കയ്യാങ്കളിയോടടുത്ത ബഹളങ്ങളുമാണ്. സഭ കലുഷിതമായതിനു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ, ചീഫ് വിപ്പ് വെൻഡി മോർട്ടനും രാജിവെച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. സ്ഥാനമൊഴിയാൻ നിർബന്ധിതയായ ഹോം സെക്രട്ടറി ബ്രേവർമാൻ, ഇറങ്ങിപ്പോകും വഴി, പ്രധാനമന്ത്രി ലിസ് ട്രസിനു നേരെ ചൊരിഞ്ഞത്, മാനിഫെസ്റ്റോ വാഗ്ദാന ലംഘനം അടക്കമുള്ള ഗുരുതര ആക്ഷേപങ്ങളാണ്.

ബ്രിട്ടനിൽ നാണയപ്പെരുപ്പം കഴിഞ്ഞ നാൽപതു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് , 10.1 ശതമാനമായി, ഉയർന്നിരിക്കുന്നയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷിത നിരക്കുകളുടെ അഞ്ചിരട്ടി എങ്കിലുമാണിത് . പ്രഖ്യാപിത നയങ്ങളിൽ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട്‌ മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികൾ പ്രതിപക്ഷത്തുനിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. ഗവണ്മെന്റിനെ നിശിതമായി വിമർശിക്കാൻ ഭരണപക്ഷത്തെ മുതിർന്ന അംഗങ്ങളും ഒട്ടും മടിച്ചു നില്കുന്നില്ല. ഈ അവസരത്തിൽ, അനുദിനം വർധിച്ചുവരുന്ന സമ്മർദത്തെ അതിജീവിക്കാൻ യുകെ പ്രധാനമന്ത്രി ലിസ് ട്രെസിന് എത്രനാൾ സാധിക്കുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.