ഹാഫിസ് തൽഹ സയീദിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം തടഞ്ഞ് ചൈന

0
99

പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ തലവനും മുംബൈ ആക്രമണ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനുമായ ഹാഫിസ് തൽഹ സയീദിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം തടഞ്ഞ് ചൈന. നേരത്തെ ലഷ്‌കറെ ത്വയ്ബ ഭീകരൻ ഷാഹിദ് മെഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശവും ചൈന തള്ളിയിരുന്നു.

ബുധനാഴ്ച ഹാഫിസ് സയീദിന്റെ മകനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യയും യുഎസും ഐക്യരാഷ്ട്രസഭയിൽ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശം തടയാൻ ചൈന അതിന്റെ പ്രത്യേകാവകാശം ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരെ ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും യുഎസിന്റെയും നിർദ്ദേശം ചൈന തടയുന്നത്.

പാക് ഭീകരൻ ഷാഹിദ് മെഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നിർദേശവും ചൈന ചൊവ്വാഴ്ച തടഞ്ഞിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് 1267 ലെ അൽ ഖ്വയ്ദ ഉപരോധ സമിതി ഭരണത്തിന് കീഴിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരെ പ്രഖ്യാപിക്കാനുള്ള നിർദ്ദേശങ്ങൾ ചൈന തടയുന്നത്. യുഎൻ സുരക്ഷാ കൗൺസിലിന്റെ 1267 അൽ ഖ്വയ്ദ ഉപരോധ സമിതി പ്രകാരം ഭീകരരെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തൽഹ സയീദിനെ 2022 ഏപ്രിലിൽ ഇന്ത്യൻ സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചു. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരമാണ് ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചത്. ഹാഫിസ് സയീദിന് പാകിസ്ഥാൻ കോടതി 31 വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്.

ലഷ്‌കർ ഇ ത്വയ്ബ വഴിയാണ് തൽഹ ഇന്ത്യയിൽ ആക്രമണം നടത്തുന്നത് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും ഫണ്ട് ശേഖരണത്തിലും ലഷ്‌കറെ ത്വയ്ബ വഴി ഇന്ത്യയിൽ ആക്രമണം നടത്തുന്നതിലും തല്ഹയ്ക്ക് സജീവ പങ്കുണ്ട് എന്ന് ഇന്ത്യൻ സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു.