ഉറങ്ങുവാൻ വേണ്ടി ഒരു യാത്ര : അറിയാം സ്ലീപ് ടൂറിസത്തെ കുറിച്ച്

0
290

ഉറങ്ങുവാൻ വേണ്ടി ഒരു യാത്ര എന്നത് കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും യാത്ര സ്നേഹികൾക്കിടയിലെ ഏറ്റവും പുതിയ ട്രെൻഡ് ആണ് സ്ലീപ് ടൂറിസം .നല്ലൊരു ഉറക്കം കിട്ടുവാനും മനസ്സും ശരീരവും ഒരുപോലെ പുരനുജ്ജീവിപ്പിക്കുവാനുമെല്ലാം യാത്രയെയും കൂട്ടുപിടിക്കുന്നു.

എന്താണ് സ്ലീപ്പ് ടൂറിസം

നല്ലൊരു ഉറക്കത്തിനായി നടത്തുന്ന ഒരു യാത്രയെന്ന് പറയാമെങ്കിലും യാത്രകളിലെ ആനന്ദത്തേക്കാൾ ഉപരിയായി ഉറക്കത്തിനാണ് ഇവിടെ ഏറ്റവും പ്രാധാന്യം നല്കുന്നത്. നല്ലൊരു ഉറക്കത്തിനോ, മെച്ചപ്പെട്ട ഉറക്കശീലങ്ങൾ വളർത്തിയെടുക്കുന്നതിനോ യാത്ര പോകുന്നത് വിചിത്രമായി തോന്നിയേക്കാമെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി സ്ലീപ്പ് ടൂറിസം വളർന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകൾ ഉറക്കത്തിനു പ്രാധാന്യം നല്കി പ്രത്യേക റൂമുകളും മറ്റും നിർമ്മിക്കുന്നത് ഇപ്പോൾ കൂടുതൽ വ്യാപകമായിട്ടുണ്ട്.

കൊവിഡ് കാലത്തിലാണ് ആളുകൾ ഉറക്കത്തിന്റെ കാര്യത്തിൽ ഇത്രയും ശ്രദ്ധാലുക്കളായത്.
ആളുകളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയതിനാൽ ഈ വിപ്ലവത്തിൽ പാൻഡെമിക് ഒരു പ്രധാന പങ്ക് വഹിച്ചതായി തോന്നുന്നുവെന്നും റെബേക്ക് പറഞ്ഞു . ജേണൽ ഓഫ് ക്ലിനിക്കൽ സ്ലീപ്പ് മെഡിസിൻ പറയുന്നതനുസരിച്ച്, ഒരു പഠനത്തിൽ സർവേയിൽ പങ്കെടുത്ത 2,500 മുതിർന്നവരിൽ 40% പേരും പാൻഡെമിക് ആരംഭിച്ചതിനുശേഷം ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതായി റിപ്പോർട്ട് ചെയ്തു.

മുൻപത്തേക്കാളധികം ആളുകൾ ഇപ്പോൾ ഉറക്കത്തിന് പ്രാധാന്യം നല്കുന്നു. ഉറക്കമില്ലായ്മ, മാനസീകമായും ശാരീരികമായും പല വിധത്തിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. ഉത്കണ്ഠ, വിഷാദം, മോശം മാനസികാവസ്ഥ, മൂഡ് വ്യതിയാനം തുടങ്ങിയ പല കാര്യങ്ങളും ഉറക്കമില്ലായ്മയെത്തുടർന്നു വരുന്നവയാണ്.

ഉറക്കത്തിന് പ്രാധാന്യം നല്കുന്ന ഹോട്ടലുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ലണ്ടനിലെ സെഡ്‌വെൽ ഹോട്ടൽ. 2020 ൽ ആരംഭിച്ച ഈ ഹോട്ടലിൽ നൂതന സൗണ്ട് പ്രൂഫിംഗ് സംവിധാനമുള്ള മുറികൾ ആണ് ലഭ്യമായിട്ടുള്ളത്. സ്വീഡിഷ് ബെഡ് നിർമ്മാതാക്കളായ ഹാസ്റ്റൻസ് ലോകത്തിലെ ആദ്യത്തെ 15 മുറികളുള്ള ഹോട്ടൽ സ്ലീപ്പ് സ്പാ ഹോട്ടൽ, പോർച്ചുഗീസ് നഗരമായ കോയിംബ്രയിൽ കഴിഞ്ഞ വർഷം നിർമ്മിച്ചത് വാർത്തയായിരുന്നു. ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത മുറികൾ തന്നെയാണ് ഇതിലെ പ്രത്യേക. ഉറക്കം മെച്ചപ്പെടുത്തുന്നതിന് ഹിപ്നോതെറാപ്പിസ്റ്റുകൾ, ധ്യാനം, ഹോളിസ്റ്റിക് കോച്ചുകൾ എന്നിവയുടെ സേവനങ്ങളും ഇത്തരത്തിലുള്ള ഹോട്ടലുകൾ വാഗ്ദാനം ചെയ്യുന്നു.

ലക്ഷ്വറി ഹോട്ടൽ ബ്രാൻഡായ സിക്‌സ് സെൻസെസ് അതിന്റെ നിരവധി പ്രോപ്പർട്ടികളിൽ മൂന്ന് മുതൽ ഏഴ് ദിവസമോ അതിൽ കൂടുതലോ വരെയുള്ള വിവിധതരം ഫുൾ സ്ലീപ്പ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ലണ്ടനിലെ മെയ്ഫെയറിലെ റോക്കോ ഫോർട്ട് ഹോട്ടലായ ബ്രൗൺസ് ഹോട്ടൽ അടുത്തിടെ അതിഥികളെ പ്രശാന്തമായ ഉറക്കത്തിന് സഹായിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഉറങ്ങുവാനായി എത്തുന്ന ആളുകൾക്ക് വളരെ മികച്ച സേവനങ്ങളാണ് ഹോട്ടലുകൾ നല്കുന്നത്. ആളുകൾക്ക് അവരുടെ സൗകര്യപ്രദമായ ഉറക്കത്തിനായി തലയിണകൾ മുതൽ ബെഡ്, പുതപ്പ് എന്നിവയെല്ലാം തിരഞ്ഞെടുക്കാം. നിങ്ങൾ കമിഴ്ന്നു കിടന്നാണോ ഉറങ്ങുന്നത്, അല്ലെങ്കിൽ ചുരുണ്ടുകൂടിയാണോ എന്നിങ്ങനെ നിങ്ങളുടെ ഉറക്കത്തെ പൂർണ്ണമായും സൗകര്യപ്രദമാക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കും. സ്‌പെഷ്യൽ സ്ലീപ്പ് സേവനങ്ങളിൽ ഓരോ ഹോട്ടലിനും ഓരോ പ്രത്യേകതകളുണ്ട്.