പെരിന്തൽമണ്ണയിൽ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

0
104

പെരിന്തൽമണ്ണയിൽ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീർ എന്ന 35കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ ആയ ബഷീർ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങൾക്ക് അടിച്ചു പരിക്കേൽപ്പിക്കാറുണ്ടായിരുന്നു. എട്ട്, ഒമ്പത് വയസ്സ് പ്രായമുള്ള മക്കളെ റൂമിൽ പൂട്ടിയിട്ട ശേഷം കേബിൾ വയറ് കൊണ്ടും ചൂരലിനും മാരകമായി മർദ്ദിക്കാറുണ്ടായിരുന്നു.

മർദ്ദനമേറ്റ് അവശരായ മക്കളെ ഓട്ടോയുമായി പുറത്ത് പോയി തിരിച്ചുവന്ന ശേഷമാണ് പുറത്തിറങ്ങാൻ അനുവദിക്കാറ്. ചൈൽഡ് ലൈനിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിതാവിൻറെ കണ്ണില്ലാത്ത ക്രൂരത പുറം ലോകമറിയുന്നത്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സി ഐ അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് മലയിൻകീഴിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവിൻറെ ക്രൂരത. ഭാര്യ ജോലിക്ക് പോവുന്നതിലുള്ള ദേഷ്യമാണ് അക്രമത്തിൽ കലാശിച്ചത്.