അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അണിനിരക്കുക: കെഎസ്‌കെടിയു വനിതാ കൺവൻഷൻ

0
87

അന്ധവിശ്വാസവും അനാചാരവും തിരികെക്കൊണ്ടുവന്ന് കേരളത്തിന്റെ നവോത്ഥാന നേട്ടങ്ങളെ തകർക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന വനിതാ കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സാമൂഹ്യപരിഷ്കരണ നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേരളത്തെ പ്രബുദ്ധമാക്കി മാറ്റാൻ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. കേരള മോഡലിനെ ലോകമാകെ പ്രകീര്‍ത്തിക്കുമ്പോഴാണ് നമ്മുടെ യശ്ശസിന്‌ കരിപുരളുംവിധം പാതകം ഇലന്തൂരിൽ നടന്നത്‌. രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്ന ഉദാരവല്‍ക്കരണ-–-സ്വകാര്യവല്‍ക്കരണ-–-ആഗോളവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് കുറുക്കുവഴിയിലൂടെ സമ്പന്നനാകാനുള്ള ചതിപ്രയോഗങ്ങളാണ്. ദരിദ്രനെ അതിദരിദ്രരാക്കുകയും സമ്പന്നനെ അതിസമ്പന്നനാക്കുകയും ചെയ്യുന്ന വ്യവസ്ഥിതി നവോത്ഥാനമൂല്യങ്ങളെ തിരസ്കരിക്കാനാണ് പ്രേരിപ്പിക്കുക. മുതലാളിത്തത്തിന്റെ ഇത്തരം പ്രയോഗങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള മൂല്യബോധം സമൂഹത്തിലൊട്ടാകെ വളര്‍ത്തണം.

ഇലന്തൂര്‍ ആഭിചാരക്കൊലയ്‌ക്കെതിരായ ജനകീയ പ്രതിഷേധത്തെ അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും എതിരായ മുന്നേറ്റമായി വികസിപ്പിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ആലുവ കെ എസ് അമ്മുക്കുട്ടി നഗറിൽ (പ്രിയദർശിനി ടൗൺഹാൾ) സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്തു. സബ്‌ കമ്മിറ്റി ജോയിന്റ്‌ കൺവീനർ ഒ എസ്‌ അംബിക എംഎൽഎ അധ്യക്ഷയായി. ലഹരിവിമുക്ത സമൂഹത്തിനായി സര്‍ക്കാരും പുരോഗമന പ്രസ്ഥാനങ്ങളും സംഘടനകളും നടത്തുന്ന ബോധവൽക്കരണ പ്രവര്‍ത്തനങ്ങൾക്ക്‌ കൺവൻഷൻ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കൺവീനർ കെ കോമളകുമാരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജോയിന്റ്‌ കൺവീനർ ലളിത ബാലൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ, ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ, ട്രഷറർ സി ബി ദേവദർശനൻ, വൈസ്‌ പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു, പ്രസിഡന്റ്‌ കെ പി അശോകൻ എന്നിവർ സംസാരിച്ചു.

ഒ എസ് അംബിക എംഎൽഎ, ലളിത ബാലൻ, എ ജാസ്മിൻ എന്നിവരടങ്ങുന്ന പ്രസീഡിയം കൺവൻഷൻ നിയന്ത്രിച്ചു. കോമള ലക്ഷ്മണൻ, ജിഷ ശ്യാം, വി ജി ഗിരിജ എന്നിവർ മിനിട്സ് കമ്മിറ്റി അംഗങ്ങളായി. 14 ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 577 പ്രതിനിധികൾ പങ്കെടുത്തു. കെ കോമളകുമാരിയെ കൺവീനറായും ലളിത ബാലൻ, കോമള ലക്ഷ്മണൻ, കെ അംബിക എന്നിവരെ ജോയിന്റ് കൺവീനർമാരെയും 40 അംഗ സംസ്ഥാന വനിതാ സബ് കമ്മിറ്റിയെ കൺവൻഷൻ തെരഞ്ഞെടുത്തു.