മലയാളികളെ വലവിരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; നൈജീരിയന്‍ സ്വദേശി പിടിയില്‍

0
79

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നൈജീരിയന്‍ സ്വദേശി കോഴിക്കോട് പിടിയില്‍. സൈബര്‍ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നൈജീരിയന്‍ സ്വദേശി ഇമാനുവല്‍ ജെയിംസ് ലിഗബിട്ടി പിടിയിലായത്. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് ബംഗളൂരുവില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഇയാളില്‍ നിന്ന് ശേഖരിക്കുകയാണ് പൊലീസ്.
മലയാളികളെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കുന്ന നൈജീരിയന്‍ സംഘങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ആര്‍ബിഐ യുടെ പേര് ഉപയോഗിച്ചും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇയാള്‍ ആര്‍ബിഐലെ മെയില്‍ ഐഡി ഉപയോഗിച്ച് നിരവധി തട്ടിപ്പ് നടത്തി.

തട്ടിപ്പിനെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;
കോഴിക്കോട് നല്ലളം സ്വദേശി ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന ആപ്പിള്‍ ഐപാഡ് വാങ്ങാനെന്ന വ്യാജേന പ്രതി പരാതിക്കാരനെ ബന്ധപ്പെട്ടു. തുടര്‍ന്ന് അമേരിക്കയിലെ വെല്‍സ് ഫാര്‍ഗോ എന്ന ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഡൊമെയിന്‍ നിര്‍മിച്ച് പണം അയച്ചതിന്റെ വ്യാജ രസീത് ഇമെയില്‍ വഴി അയച്ചു. ശേഷം വ്യാജ നമ്പരുകളുള്ള വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ വഴിയും ആര്‍ബിഐ ഉദ്യോഗസ്ഥരുടെ പേരില്‍ ഇമെയിലുകള്‍ അയച്ചും പരാതിക്കാരന്റെ വിശ്വാസ്യത പിടിച്ചുപറ്റി.

ആറുവര്‍ഷത്തോളമായി ഇന്ത്യയില്‍ അനധികൃതമായി വ്യാജ മേല്‍വിലാസങ്ങളില്‍ പലയിടത്തായി താമസിച്ചുവരികയായിരുന്നു ഇയാള്‍.