നെറ്റ്ഫ്ലിക്സിൽ വരിക്കാരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ. ഈ വർഷം ആരംഭിച്ച ശേഷം ഇതാദ്യമായാണ് നെറ്റ്ഫ്ലിക്സിന് വരിക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 2.4 ദശലക്ഷം സബ്സ്ക്രിപ്ഷനുകളാണ് നെറ്റ്ഫ്ലിക്സിന് പുതുതായി വന്നത്. ഇതു കൂടി കണക്കിൽ ചേർത്ത് ആഗോള തലത്തിൽ 223.1 ദശലക്ഷമായി ഉയര്‍ന്നു വരിക്കാരുടെ എണ്ണം.
ഇത്തവണത്തെ സബ്സ്ക്രിപ്ഷനുകളുടെ കണക്കിൽ ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് കൂടുതൽ ആളുകളെത്തിയത്. അതേ സമയം സ്‌ട്രെയ്ഞ്ചര്‍ തിങ്ക്‌സ്, ഡാമര്‍-മോണ്‍സ്റ്റര്‍ എന്നിവയുൾപ്പെടെയുളള സിരീസുകളാണ് സബ്സ്ക്രിപ്ഷനുകൾ ഉയരാൻ കാരണമെന്ന് റിപ്പോർട്ട്.
ഇന്ത്യ കൂടി അംഗമായ ഏഷ്യ- പസഫിക് റീജിയണിൽ മാത്രം 1.4 ദശലക്ഷം സബ്സ്ക്രിപ്ഷനുകളാണ് പുതുതായി ഉണ്ടായിരിക്കുന്നത്. 6.6 ശതമാനം വർധനവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ആഗോള തല കണക്കുകളെടുക്കുമ്പോൾ യുഎസ്എ- കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലാണ് നെറ്റ്ഫ്ലിക്സിന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത്.
ഉയർച്ചയുണ്ടായ മാസങ്ങളിലെ കണക്കുകൾ പ്രകാരം 7.93 ബില്യണ്‍ ഡോളര്‍ ആണ് നെറ്റ്ഫ്ലിക്സിന്റെ ആകെ വരുമാനം. നെറ്റ്ഫ്ലിക്സിൽ മൂന്നുമാസം കൊണ്ടുണ്ടായ വരിക്കാരുടെ വർധനവ് ഓഹരി വിപണിയിലും മാറ്റങ്ങൾക്കിടയാക്കി. ഓഹരി വില ഉയർന്ന് ഇപ്പോൾ 24.86 യുഎസ് ഡോളറാണ് നെറ്റ്ഫ്‌ളിക്‌സ് ഓഹരികളുടെ വില.
നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകളുടെ പാസ്വേര്‍ഡ് ഷെയറിംഗിനുള്ള നിയന്ത്രണം കമ്പനി അടുത്ത വര്‍ഷം മുതല്‍ ശക്തമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതോടൊപ്പം നെറ്റ്ഫ്ലിക്സില്‍ ഗെയിമുകളുടെ എണ്ണം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. നിലവില്‍ നെറ്റ് ഫ്ലിക്സില്‍ 35 ഗെയിമുകളുണ്ട്. എന്നാല്‍ ഇനിയും 55 ഗെയിമുകള്‍ കൂട്ടാനാണ് സാധ്യത.