‘മരട് ഫ്ലാറ്റ് വാങ്ങിയവരും ഉത്തരവാദികൾ; അവർ നിരക്ഷരരല്ലല്ലോ’: സുപ്രീം കോടതി

0
78

മരടില്‍ തീരദേശ ചട്ടം ലംഘിച്ച് നിര്‍മിക്കുകയും പിന്നീട് പൊളിച്ച് മാറ്റുകയും ചെയ്ത ഫ്‌ളാറ്റുകള്‍ വാങ്ങിയവരും നിര്‍മ്മാതാക്കൾ, അധികൃതർ എന്നിവരെ പോലെ തന്നെ തുല്യ ഉത്തരവാദികളാണെന്ന് സുപ്രീം കോടതി. ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ നിരക്ഷരരല്ലല്ലോ എന്നും അവര്‍ അധ്വാനിച്ചുണ്ടാക്കിയ പണം എവിടെയാണ് ചെലവഴിക്കുന്നതെന്ന് ചിന്തിക്കണമായിരുന്നുവെന്നും ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

‘വീട് വാങ്ങുന്നവരുടെ ഉത്തരവാദിത്തം എന്താണ്? ഒരു ബില്‍ഡര്‍ വീടുകൾ നിര്‍മ്മിക്കുന്നു എന്നതുകൊണ്ട് മാത്രം എവിടെ നിന്നും വീട് വാങ്ങണോ? നമ്മള്‍ എല്ലാവരുടെയും താല്‍പ്പര്യങ്ങൾ പരിഗണിക്കണം. ഫ്‌ളാറ്റ് വാങ്ങിയവര്‍ നിരക്ഷരരായിരുന്നില്ല’ ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.

മരട് മുനിസിപ്പാലിറ്റിയിലെ തീരദേശ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ വാങ്ങിയവരുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി പരാമര്‍ശം. 2019 മെയ് മാസത്തിലാണ് ഫ്‌ളാറ്റ് പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ വിധിക്കെതിരെ പിന്നീട് നിര്‍മ്മാതാവ് റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു.

എന്നാല്‍ 2019 സെപ്റ്റംബറില്‍, ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി കേരള സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. ഈ തുക നിര്‍മ്മാതാക്കളില്‍ നിന്ന് പിന്നീട് പിരിച്ചെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. പിന്നീട് നിര്‍മ്മാതാക്കളോട് 20 കോടി രൂപ കൈമാറണമെന്ന് കോടതി ഉത്തരവിട്ടു.

അതേസമയം, മരട് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ കെട്ടിടനിര്‍മ്മാണാനുമതി നല്‍കിയെന്നും പിന്നീട് നിര്‍മ്മാതാക്കള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയില്ലെന്നും സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തീരദേശ നിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നും പൊളിച്ചു മാറ്റിയ കെട്ടിടങ്ങള്‍ നിർമ്മിക്കുന്നതിന് നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സമിതി കണ്ടെത്തി.

അതിനാല്‍, ഇതിന്റെ ഉത്തരവാദിത്വം ബില്‍ഡര്‍ക്ക് മാത്രമല്ല സംസ്ഥാന സര്‍ക്കാരിനും ബന്ധപ്പെട്ട മുനിസിപ്പാലിറ്റിക്കും പഞ്ചായത്തിനും കൂടിയാണെന്നും സമിതി പറഞ്ഞു. എന്നാല്‍ കേസ് പരിഗണിക്കവെ, 2019ലെ മാനദണ്ഡമനുസരിച്ച് പ്രദേശത്ത് പുതിയ നിര്‍മ്മാണം നടത്താമെന്ന് വീട് വാങ്ങിയവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വാദിച്ചു. ഇതുവരെയുള്ള വ്യവഹാരങ്ങള്‍ ഏകപക്ഷീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട് വാങ്ങിയവര്‍ വായ്പ എടുത്താണ് വീട് വാങ്ങിയതെന്നും അവര്‍ ഇപ്പോഴും വായ്പ തിരിച്ചടക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ കോടതിയില്‍ പറഞ്ഞു.

2020 ജനുവരി 11, 12 തീയതികളിലാണ് മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജനുവരി 11ന് ആല്‍ഫ ഇരട്ട ടവറുകള്‍, ഹോളി ഫെയ്ത്ത് എന്നിവയാണ് പൊളിച്ചത്. 12 ന് ഗോള്‍ഡന്‍ കായലോരം, ജയിന്‍ എന്നീ ഫ്‌ലാറ്റുകളും പൊളിച്ചു. മരട് ഫ്‌ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.