കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം

0
85

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖ‍‍ർഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി.

നേരത്തെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ നൽകിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. യുപിയുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വോട്ടിങ് സമയത്ത് വോട്ട‍ർ പട്ടികയിൽ പേരില്ലാത്തവരും ലഖ്‍നൗവിൽ വോട്ട് ചെയ്തുവെന്നായിരുന്നു തരൂരിന്റെ പരാതി. ഒപ്പം ബാലറ്റ് പെട്ടി സീൽ ചെയ്തത് ശരിയായ രീതിയിലായിരുന്നില്ലെന്നും ശശി തരൂ‍ർ പരാതിയായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ വോട്ടുകൾ പ്രത്യേകം എണ്ണണമെന്ന തരൂരിന്‍റെ ആവശ്യം പക്ഷേ തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വോട്ടെണ്ണലിന്റെ ഫലം പുറത്തു വന്നത്. 10 ശതമാനം വോട്ട് മാത്രം പ്രതീക്ഷിച്ചിരുന്ന തരൂരിന് 12 ശതമാനം വോട്ട് നേടാനായത് വിജയമായി.

കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധി. തന്റെ നിർദേശങ്ങൾ പുതിയ അധ്യക്ഷന് ആവശ്യമില്ലെന്നും രാഹുൽ വ്യക്തമാക്കി. കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. ഖർഗേയും തരൂരും മിടുക്കരാണ്. കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാൻ അർഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുൽ പറഞ്ഞു.