കേരള-ബംഗളൂരു ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതി എ എ റഹീം എംപി

0
82

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് എംപി കത്ത് നല്‍കി. ബംഗളൂരുവിലേയ്ക്കും തിരിച്ചും ട്രെയിന്‍ സര്‍വ്വീസുകളുടെ അപര്യാപ്തത വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. പഠനം, ജോലി അടക്കമുള്ള ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് ബാംഗളൂരുവിലേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ അനവധിയാണ്. ഇവര്‍ക്കാവശ്യമായ സര്‍വീസുകള്‍ നിലവിലില്ലെന്ന് എ എ റഹീം ചൂണ്ടിക്കാട്ടി.

‘കേരള-ബംഗളൂരു യാത്രക്കാരില്‍ കൂടുതലും ചെറുപ്പക്കാരുമാണ്. ഈ യാത്രക്കാര്‍ക്ക് ആവശ്യമായ ട്രെയിന്‍ അര്‍വീസുകള്‍ നിലവിലില്ല. സ്വകാര്യ ബസുകളുടെ ഇഷ്ടാനുസരണം അവര്‍ നിശ്ചയിക്കുന്ന നിരക്കില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. തുടര്‍ച്ചയായ അവധി സമയങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ സ്വകാര്യ ബസ് ടിക്കറ്റ് നിരക്കും കുതിച്ചുയരും.അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനവും ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയ്ക്ക് ഇന്ന് കത്തെഴുതി.
കേരളത്തോട് തുടര്‍ച്ചയായി റെയില്‍വേയും കേന്ദ്രസര്‍ക്കാരും കാട്ടുന്ന അവഗണനയുടെ ഫലമാണ് ഈ യാത്രാ ദുരിതം’.

കേരളത്തോടും മലയാളികളോടുമുള്ള ശത്രുതാപരമായ സമീപനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും കേരള ബംഗളൂരു യാത്രയ്ക്കായി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും എ എ റഹീം എംപി പറഞ്ഞു.