കല്ലുവാതുക്കൽ മദ്യദുരന്തം: പിഴ ഒഴിവാക്കാം, മണിച്ചനെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി

0
69

കല്ലുവാതുക്കൽ വിഷമദ്യദുരന്ത കേസിൽ ജയിലിൽ കഴിയുന്ന പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു.

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട് മണിച്ചന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ, 30 ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപ അടയ്ക്കണമെന്നായിരുന്നു  വിധി.   ഈ പിഴത്തുക ഇരകള്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു. കേസിൽ ശിക്ഷാ ഇളവ് ലഭിച്ചെങ്കിലും പിഴത്തുക അടയ്ക്കാത്തതിനാല്‍  മണിച്ചൻ ജയിലില്‍ തുടരുകയാണ്. ഈ സാഹചര്യത്തിൽ മണിച്ചന്റെ ഭാര്യ ഉഷയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മണിച്ചന്റെ ജയില്‍ മോചനത്തിനുള്ള ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പിഴത്തുക അടയ്ക്കാനാകാത്തതിലാണ് മണിച്ചന്റെ ജയില്‍ മോചനം സാധ്യമാകാത്തതെന്ന്  സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹെെക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചൻ. 2000 ഒക്ടോബർ  21 നാണ് കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്.