ഗാസിയാബാദിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ. കൂടാതെ ഇവർക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവം അതിക്രൂരവും അസ്വസ്ഥതപ്പെടുത്തുന്നതുമാണെന്നും ഇത് നിർഭയ കേസിനെ ഓർമിപ്പിക്കുന്നതാണെന്നും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച ഒരു വീഡിയോ ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മാലിവാൾ പങ്കുവച്ചിരുന്നു
ഒക്ടോബർ 16 നാണ് ജനങ്ങളെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയി 5 പേർ ചേർന്ന് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിനിരയായ യുവതി നിലവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കൈകാലുകൾ ബന്ധിച്ച നിലയിൽ ചാക്കിൽ കെട്ടിയിട്ട നിലയിൽ യുവതിയെ റോഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് യുവതി സഹോദരൻ്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം ഗാസിയാബാദിൽ നിന്ന് മടങ്ങി വരികെയായിരുന്നു. ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ സ്കോർപ്പിയോയിൽ എത്തിയ 5 പേർ ചേർന്ന് തട്ടി കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ഒക്ടോബർ 18 നാണ് പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ റോഡിൽ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.