കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം തള്ളി വൈസ് ചാൻസിലർ ഡോ. വി പി മഹാദേവൻപിള്ള. നോമിനികളെ പിൻവലിക്കാനുള്ള തീരുമാനം ചട്ടവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും വ്യക്തമാക്കി വൈസ് ചാൻസിലർ ചൊവ്വാഴ്ച ഗവർണർക്ക് കത്തയച്ചു.
കഴിഞ്ഞ 11ന് കേരള സർവകലാശാല വിസി വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതും തന്റെ നോമിനികളുമായ 15 പേരെ പിൻവലിക്കുന്നതായി അറിയിച്ച് ശനിയാഴ്ചയാണ് ഗവർണർ വിസിക്ക് കത്തയച്ചത്. പുതിയ വിസിയെ തെരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന അംഗങ്ങൾക്കെതിരെയായിരുന്നു ഗവർണറുടെ അസാധാരണ പ്രതികാര നടപടി.
സർവകലാശാല വകുപ്പ് തലവൻമാരായ ഡോ. കെ എസ് ചന്ദ്രശേഖർ (ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള), ഡോ. കെ ബിന്ദു (സംഗീതം), ഡോ. സി എ ഷൈല (സംസ്‌കൃതം), ഡോ. ബിനു ജി ഭീംനാഥ്, തിരുവനന്തപുരം ഗവ. മോഡൽ എച്ച്‌എസ്‌എസ് പ്രധാനാധ്യാപകൻ ആർ എസ് സുരേഷ് ബാബു, കോട്ടൺഹിൽ ഗവ. പിപിടിടിഐ പ്രിൻസിപ്പൽ ടി എസ് യമുനാദേവി, കടയ്‌ക്കൽ കുറ്റിക്കാട് സിപിഎച്ച്‌എസ്‌എസ്എസ് അധ്യാപകൻ ജി കെ ഹരികുമാർ, വർക്കല പാളയംകുന്ന് ജിഎച്ച്‌എസ്‌എസിലെ അധ്യാപകൻ വി അജയകുമാർ, പി എ ഹാരീസ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്‌ക്ക് പി ഹാരീസ്, കയർ ഫ്‌ളക്‌സ് എക്‌സ്‌പോർട്ട് കമ്പനി ചെയർമാൻ ജോയ് സുകുമാരൻ, ക്യാപിറ്റൽ കളർ പാർക്ക് ഉടമ ജി പത്മകുമാർ, മലയാളം കമ്മ്യുണിക്കേഷൻസ് ന്യുസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, അഡ്വ. ജി മുരളീധരൻ പിള്ള, ഡോ. പി അശോകൻ (എസ് പി ഫോർട്ട് ഹോസ്‌പിറ്റൽ), അഡ്വ. ബി ബാലചന്ദ്രൻ എന്നിവരുടെ അംഗത്വം പിൻവലിക്കാനായിരുന്നു ഗവർണറുടെ തീരുമാനം.
ഇവരിൽ നാലുപേർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഇവർ സെനറ്റ് യോഗത്തിൽ എത്തിചേരാൻ സാധിക്കാത്തതിന്റെ കാരണം അറിയിച്ചിരുന്നു. അതിനാൽ ഇവരെ പിൻവലിക്കാൻ സാധിക്കില്ല. മറ്റ് 11 പേരെ നീക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പ് മാത്രം പോരായെന്ന് വിസി പറഞ്ഞു. ഗവർണറുടെ സെക്രട്ടറിയുടെ അറിയിപ്പ് ആനുസരിച്ച് സർവകലാശാല വൈസ് ചാൻസിലർക്ക് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ചാൻസിലർ ഒപ്പിട്ട രേഖ അനുസരിച്ചുമാത്രമെ അത് കഴിയൂഎന്നും കത്തിൽ വ്യക്തമാക്കുന്നു. അയോഗ്യരാക്കിയവയർ അവധി സംബന്ധിച്ച ഔദ്യേഗിക നടപടികൾ സ്വീകരിച്ചവരാണ്. അതിനാൽ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. പ്രസക്തമായ കോടതി വിധികൾ കൂടി ഉദ്ധരിച്ചാണ് വിസി മറുപടികത്ത് അയച്ചത്.