എല്ലാ ജില്ലയിലും ഖാദി റെഡിമെയ്‌ഡ്‌ യൂണിറ്റ്‌ ആരംഭിക്കും: മന്ത്രി പി രാജീവ്‌

0
104

സംസ്ഥാനത്ത് എല്ലാ ജില്ലയിലും റെഡിമെയ്ഡ് ഖാദി വസ്ത്രനിർമാണ യൂണിറ്റുകൾ തുടങ്ങുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യ ഖാദി റെഡിമെയ്ഡ് വസ്ത്രനിർമാണ യൂണിറ്റ് കുന്നുകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യൂണിറ്റിൽ 10 വനിതകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കും. കൂടുതൽപേർക്ക് തൊഴിൽ ലഭിക്കുംവിധം യൂണിറ്റ് വിപുലീകരിക്കും.

പരമ്പരാഗതശൈലിയിൽനിന്ന്‌ മാറി പുതിയ ഫാഷനിലും സാങ്കേതികവിദ്യയിലും വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളാണ് ഖാദി ബോർഡ് ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്. വിവാഹവസ്ത്രങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഡോക്ടര്‍––നഴ്‌സസ് കോട്ടുകൾ എന്നിവ വിപണിയിൽ എത്തിച്ചുകഴിഞ്ഞു. ഫാഷൻ ഡിസൈനിങ്ങിൽ താൽപ്പര്യമുള്ള കുട്ടികളെ കണ്ടെത്തി വസ്ത്രയൂണിറ്റിനൊപ്പം ചേർക്കുന്നതിനും ശ്രമിക്കണം. ഇവർക്ക്‌ പരിശീലനം നൽകുന്നതിനുള്ള സൗകര്യവും ഒരുക്കണം. 42 കോടി രൂപയുടെ ഖാദിവസ്ത്രങ്ങൾ ഈ വർഷം ഇതിനകം വില്‍പ്പന നടത്തി. സംരംഭകത്വവർഷം പദ്ധതി ആറുമാസം പിന്നിടുമ്പോൾ 69,714 സംരംഭങ്ങൾ സംസ്ഥാനത്തൊട്ടാകെ ആരംഭിച്ചു. ഇതുവഴി 1.53 ലക്ഷംപേർക്ക് നേരിട്ട്‌ തൊഴിൽ ലഭിക്കുകയും 4370 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുകയും ചെയ്തു. ഈ പദ്ധതിയിൽ ഖാദിമേഖലയിൽ 7000 സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരള ഖാദി വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്‌ അം​ഗം സി എം വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എ അബ്ദുൾ ജബ്ബാർ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ സോണി കോമത്ത്, ഗ്രാമവ്യവസായം ഡയറക്ടർ കെ വി ഗിരീഷ് കുമാർ, ജില്ലാ ഖാദി  വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ പി എ അഷിത എന്നിവർ സംസാരിച്ചു. കുന്നുകരയിൽ റെഡിമെയ്ഡ് യൂണിറ്റിന്റെ പൂർത്തീകരണത്തിന് ആവശ്യമായ മാർഗനിർദേശം നൽകി സഹകരിച്ച ഭാസ്‌കരപ്പണിക്കരെ ആദരിച്ചു.