കോഴിക്കോട് കാപ്പ ചുമത്തപ്പെട്ട യുവാവിന് വെട്ടേറ്റു; പിന്നില്‍ ക്വട്ടേഷന്‍ കുടിപ്പകയെന്ന് സംശയം

0
147

കോഴിക്കോട് കുന്നമംഗലത്ത് യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ജിതേഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി ഇയാള്‍ വീട്ടിലേക്ക് പോകുംവഴി ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ദേഹമാസകലം വെട്ടേറ്റ ഇയാളുടെ പരുക്കുകള്‍ അതീവ ഗുരുതരമാണ്. ചോരയില്‍ കുളിച്ച് യുവാവ് വഴിയരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

സംഭവസ്ഥലത്തേക്കെത്തിയ പൊലീസാണ് ജിതേഷിനെ ആശുപത്രിയിലെത്തിച്ചത്. ജിതേഷ് 15ലധികം കേസുകളില്‍ പ്രതിയാണ്. ക്വട്ടേഷന്‍ കുടിപ്പക തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.