‘സൽമാൻ മയക്കുമരുന്ന് ഉപയോഗിക്കും, ആമിറിനെയും നടിമാരെയും പറ്റി അറിയില്ല’: വിവാദ പ്രസ്താവനയുമായി രാംദേവ്

0
104

ബോളിവുഡ് താരങ്ങളെ അധിക്ഷേപിച്ച് യോഗാ ഗുരു രാംദേവ്. നടൻ സല്‍മാന്‍ ഖാന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് മൊറാദാബാദില്‍ നടന്ന ചടങ്ങില്‍ രാംദേവ് ആരോപിച്ചു. ആമിർ ഖാനെ കുറിച്ച് തനിക്കറിയില്ല. നടിമാരില്‍ ആരൊക്കെ ഉപയോഗിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നിട്ടുണ്ടെന്നും രാംദേവ് കുറ്റപ്പെടുത്തി.

ലഹരിമരുന്ന് വിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് രാംദേവിന്റെ വിവാദ പരാമര്‍ശം. രാജ്യത്ത് ലഹരി പിടിമുറുക്കി കഴിഞ്ഞു. ചലച്ചിത്ര രാഷ്ട്രീയ രംഗത്തെല്ലാം മയക്കുമരുന്നിന്റെ സ്വാധീനം ശക്തമാണ്. ഇന്ത്യയെ എല്ലാ ലഹരിവസ്തുക്കളിൽ നിന്നും മുക്തമാക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണം. അതിനുള്ള പ്രവർത്തനം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സൽമാൻ-ആമിർ ഉൾപ്പെടെയുള്ളവർ ഇതേക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രാംദേവിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.