പഞ്ചാബില്‍ വീണ്ടും ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍; ബിഎസ്എഫ് വെടിവച്ചിട്ടു

0
110

പഞ്ചാബിലെ അമൃത്സറിലെ റാനിയ അതിര്‍ത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഡ്രോണ്‍ വെടിവച്ചിട്ടു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സാണ് ഡ്രോണ്‍ തകര്‍ത്തത്. റാനിയ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ ഞായറാഴ്ച രാത്രി 9:15 ഓടെയായിരുന്നു ഡ്രോണ്‍ കണ്ടെത്തിയത്. ഏകദേശം 12 കിലോഗ്രാം ഭാരമുള്ളതാണ് ഡ്രോണ്‍. ബിഎസ്എഫ് സേനയുടെ വെടിവെപ്പില്‍ രണ്ട് പ്രൊപ്പല്ലറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ഡ്രോണില്‍ ഘടിപ്പിച്ച നിലയില്‍ ഒരു വസ്തുവുണ്ടായിരുന്നെന്നും ഇതെന്താണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ പാക്കിസ്താന്റേതാണോ എന്നും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.

രണ്ട് ദിവസം മുമ്പ് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം പാകിസ്താന്‍ ഡ്രോണ്‍ വെടിവെച്ചിട്ടിരുന്നു.