ഹൈഡ്രജൻ ബൈക്കുകൾ വരുന്നു ; കൈകോർത്ത് കവാസാക്കിയും ടൊയോട്ടയും

0
61

ലോകത്താകമാനം വാഹന വിപണി പെട്രോൾ-ഡീസൽ ഇന്ധനങ്ങൾക്ക് പകരം മറ്റു ബദലുകൾ അന്വേഷിച്ച് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാറുകളുടെ കാര്യത്തിൽ ഐസിഇ എഞ്ചിനുകൾ കൂടാതെ ഇവി, സിഎൻജി, എൽപിജി, ഹൈഡ്രജൻ ഓപ്ഷനുകൾ ലഭ്യമാണ്. എന്നാൽ ഇരുചക്രവാഹന വിപണിയിൽ ഇത് പെട്രോൾ, ഇലക്ട്രിക് ഇങ്ങനെ രണ്ട് ഓപ്ഷനുകളിൽ ഒതുങ്ങുന്നു. എന്നാൽ ഇപ്പോൾ ഹൈഡ്രൈജൻ ഇന്ധനം ഇരുചക്ര വാഹനങ്ങളിലേക്ക് കടന്നുവരികയാണ്. സൂപ്പർ ബൈക്ക് നിർമാതാക്കളായ കവാസാക്കിയാണ് ഇത്തരത്തിലൊരു നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്. ഹൈഡ്രജൻ കാർ നിർമാണത്തിൽ ബഹുദൂരം മുന്നോട്ടുപോയ ടൊയോട്ടയേയും കൂട്ടുപിടിച്ചാണ് കവാസാക്കി ഹൈഡ്രജനെ ഇരുചക്രത്തിനും ഇന്ധനമാക്കാൻ ഒരുങ്ങുന്നത്.

ഹൈഡ്രജൻ ഇന്ധനം ബൈക്കുകളിൽ ഉപയോഗിക്കാനുള്ള പരീക്ഷണത്തിനായി ഇരു കമ്പനികളും നിലവിൽ കരാർ ഒപ്പിട്ടുണ്ട്. ആഗോളതലത്തിൽ ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇരുകമ്പനികളും സംയുക്തമായി പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കാവാസാക്കി നേരത്തെ തന്നെ ഇത്തരത്തിലുള്ള പരീക്ഷണത്തിന് തുടക്കമിട്ടിരുന്നു. ഉത്പാദന ചെലവ് പിടിച്ചുനിർത്താനായാൽ പെട്രോൾ ബൈക്കുകൾക്ക് ഹൈഡ്രജൻ മികച്ച ബദലാകുമെന്നാണ് കാവാസാക്കി പ്രതീക്ഷിക്കുന്നത്. സാങ്കേതികവിദ്യയുടെ അഭാവം മൂലം കാർ വിപണിയിൽ ഇതുവരെ ഹൈഡ്രജൻ കാർ ക്ലച്ച് പിടിച്ചിട്ടില്ല. എന്നാൽ ഒരു ലിറ്റർ ഇന്ധനം കൊണ്ട് 260 കിലോമീറ്റർ വരെ ഓടാൻ ശേഷിയുള്ള ഹൈഡ്രജൻ വാഹനങ്ങൾ ഇന്ന് ലോക വിപണിയിൽ ലഭ്യമാണ്.

ഹൈബ്രിഡ്, ഇവി ഇരുചക്രവാഹനങ്ങൾ അടുത്തിടെ കാവാസാക്കി പുറത്തിറക്കിയിരുന്നു അതിന് പിന്നാലെയാണ് പുതിയ നീക്കം.