‘ചിക്കൻ ഫ്രൈ കിട്ടാൻ വൈകി’, പത്തനംതിട്ടയിൽ ഹോട്ടൽ ജീവനക്കാർക്ക് നേരെ മർദ്ദനം

0
107

പത്തനംതിട്ടയിൽ ഓർഡർ ചെയ്‌ത ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ യുവാവിന്റെ മർദ്ദനം. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാലുപേർക്ക് പരിക്കേറ്റു. റാന്നി സ്വദേശി ജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസ് ഇതുവരെയും എടുത്തിട്ടില്ല. കേസ് എടുക്കേണ്ട വിഷയത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുന്നത്.

ഹോട്ടലിലേക്ക് ചിക്കൻ ചോദിച്ചുവന്ന റാന്നി സ്വദേശി ജിതിനും രണ്ട് കൂട്ടുകാരും ചേർന്നാണ് അക്രമം നടത്തിയത്. ജിതിനെ മാത്രമാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകുന്നേരം ജിതിനും കൂട്ടുകാരും ചേർന്ന് ഹോട്ടലിൽ എത്തി, അവിടെ വച്ച് ചിക്കൻ ഫ്രൈ ആവശ്യപ്പെട്ടു. ജീവനക്കാർ 25 മിനിറ്റ് സമയം വേണം എന്ന് മറുപടി നൽകി. തുടർന്ന് ജിതിനും കൂട്ടുകാരും പുറത്ത് പോയി 10 മിനിറ്റ് കഴിഞ്ഞ് തിരിച്ചു വന്നു ചിക്കൻ ഫ്രൈ ആവശ്യപ്പെട്ടു.

അപ്പോൾ ജീവനക്കാർ 25 മിനിറ്റാണ് പറഞ്ഞതെന്ന് വീണ്ടും ഓർമിപ്പിക്കുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാരനെ കഴുത്തിന് പിടിച്ച് ആക്രമിച്ചു. ഇതിന് പിന്നാലെ ബംഗാൾ സ്വദേശികളായ മൂന്ന് പേരെയും ആക്രമിക്കുന്നു. ബഹളം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ജിതിനും കൂട്ടുകാരും പുറത്തേക്ക് ഓടി.

ജിതിനെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർ പിന്നീട് പൊലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. അതിന് ശേഷമാണ് ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിച്ചത്. ഇരുപതിനായിരം രൂപ വീതം ആക്രമണത്തിന് ഇരയായ ആളുകൾക്ക് നൽകണമെന്ന് പൊലീസ് പറഞ്ഞു. കേസ് ഇതുവരെയും എടുത്തിട്ടില്ല. കേസ് എടുക്കേണ്ട വിഷയത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുന്നത്.