സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം പോരാട്ടം: മദ്യ നയക്കേസിൽ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

0
84

മദ്യ നയക്കേസിൽ ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. മനീഷ് സിസോദിയയോട് നാളെ ചോദ്യം ചെയ്യലിന് എത്തണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

‘തടവറയ്ക്കും തൂക്കു കയറിനും ഭഗത് സിംഗിന്റെ ഉന്നതമായ ഉദ്ദേശ്യങ്ങളെ തടയാൻ കഴിഞ്ഞില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മനീഷ് സിസോദിയയും സത്യേന്ദ്രയുമാണ് ഇന്നത്തെ ഭഗത് സിംഗ്. 75 വർഷത്തിന് ശേഷം, നല്ല വിദ്യാഭ്യാസം നൽകി പാവപ്പെട്ടവർക്ക് ശോഭനമായ ഭാവിയുടെ പ്രതീക്ഷ നൽകുന്ന ഒരു വിദ്യാഭ്യാസ മന്ത്രിയെ രാജ്യത്തിന് ലഭിച്ചു. കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രാർത്ഥനകൾ അവർക്കൊപ്പമുണ്ട്’ അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

മനീഷ് സിസോദിയ തന്നെയാണ് സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി അറിയിച്ചത്. ‘എന്റെ വീട്ടിൽ, സിബിഐ 14 മണിക്കൂർ റെയ്ഡ് നടത്തി, ഒന്നും കണ്ടെത്തിയില്ല, എന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു, എന്നിട്ടും ഒന്നും കണ്ടെത്തിയില്ല, അവർക്ക് എന്റെ ഗ്രാമത്തിൽ നിന്നുപോലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ അവർ എന്നെ നാളെ രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചിട്ടുണ്ട്. ഞാൻ പോയി എന്റെ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്യും. സത്യമേവ ജയതേ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സിബിഐയുമാണ് ഡൽഹി മദ്യക്കേസ് അന്വേഷിക്കുന്നത്. ഈ ആഴ്ച ആദ്യം, കേസുമായി ബന്ധപ്പെട്ട് 25 ലധികം സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു, കൂടാതെ മദ്യവിൽപ്പന നടത്തുന്ന വ്യവസായികളുടെ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. പഞ്ചാബ്, ഡൽഹി, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിലായി 35 ലധികം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.