മാംസം സൂക്ഷിച്ചത് ഷാഫിയുടെ നിര്‍ദേശപ്രകാരം; 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം

0
98

നരബലി നടത്തിയ ശേഷം മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടു പ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയെയും തെറ്റിദ്ധരിപ്പിച്ചു. ഇത്തരത്തില്‍ മനുഷ്യ മാംസം വിറ്റാല്‍, 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.

ഇതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നല്‍കി. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഭഗവല്‍ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. ഈ പണം കൊണ്ട് സാമ്ബത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന് ഇരുവരോടും പറഞ്ഞു. ഇരുവരെയും വിശ്വസിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞതെന്നും ഷാഫി മൊഴി നല്‍കി. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മാംസം വാങ്ങാന്‍ ബംഗളൂരുവില്‍ നിന്ന് ആളു വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് വരില്ലെന്നറിയിച്ചതോടെ കുഴിച്ചിടുകയും ചെയ്തു

റോസ് ലിനെ ബലി നല്‍കിയിട്ടും സാമ്ബത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവല്‍ സിംഗും ലൈലയും പറഞ്ഞപ്പോള്‍, കൊന്ന രീതി ശരിയായില്ലെന്നും മരണം മോശം സമയത്തായിരുന്നെന്നും ഷാഫി ഇവരെ ധരിപ്പിച്ചു. തുടര്‍ന്നാണ് വീണ്ടും ബലി നല്‍കണമെന്ന് പറഞ്ഞതും രണ്ടാമത്തെ ഇരയായി പത്മയെ കണ്ടെത്തിയതും. എറണാകുളത്തുകാരിയായ യുവതിയാണ് ഇടനിലക്കാരി ശ്രീദേവിയായി സംസാരിച്ചതെന്നും ഷാഫി വെളിപ്പെടുത്തി.

കൊലപാതകത്തിന്റെ പേരില്‍ ഭഗവല്‍ സിംഗിനേയും ലൈലയേയും ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഷാഫി മൊഴി നല്‍കി. ഇവരില്‍ നിന്ന് പലപ്പോഴായി 6 ലക്ഷം രൂപ വാങ്ങിയിരുന്നു, ഈ പണം ഇവര്‍ പല തവണ തിരിച്ചു ചോദിച്ചു. കുടുംബത്തിന് അഭിവൃദ്ധിയുണ്ടാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഈ പണം വാങ്ങിയത്, കൊലപാതകത്തില്‍ ഇരുവരേയും പങ്കാളികളായാക്കിയാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് കൂടുതല്‍ പണം വാങ്ങിയെടുക്കാമെന്നും താന്‍ കരുതിയതായും ഷാഫി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.