ഇരട്ട നരബലിക്കേസില്‍ പിടിയിലായ പ്രതികള്‍ കൂടുതല്‍ പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

0
125

ഇലന്തൂരില്‍ ഇരട്ട നരബലിക്കേസില്‍ പിടിയിലായ പ്രതികള്‍ കൂടുതല്‍ പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. നരബലിക്ക് മുമ്പ് രണ്ട് സ്ത്രീകളെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പത്തനംതിട്ടയിലുള്ള ഒരു ലോട്ടറി വില്‍പ്പനക്കാരിയെയും വീട്ടില്‍ ജോലിക്കെത്തിയ യുവതിയേയുമാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം.

തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലിക്കെന്ന പേരിലാണ് പത്തനംതിട്ട സ്വദേശിയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. ഷാഫിയാണ് ഇവരുമായി സൗഹൃദം സ്ഥാപിച്ച് ജോലി വാഗ്ദാനം ചെയ്തത്. തുടക്കത്തില്‍ ഇവരുടെ ലോട്ടറി ടിക്കറ്റുകള്‍ മുഴുവനും ഒന്നിച്ച് വാങ്ങിയാണ് ഷാഫി വിശ്വാസം നേടിയെടുത്തത്. ഭഗവല്‍ സിങ്- ലൈല ദമ്പതികളുടെ വീട്ടിലെത്തിച്ച യുവതിക്ക് 18,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. ആദ്യദിനം 1000 രൂപ ഇവര്‍ക്ക് നല്‍കി. എന്നാല്‍ പിറ്റേന്ന് ദമ്പതികളുടെ പെരുമാറ്റം മാറി. ജോലി കഴിഞ്ഞ് പോകാനൊരുങ്ങിയ യുവതിയെ ഇരുവരും ചേര്‍ന്ന് കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിച്ചു. ബലപ്രയോഗത്തിനിടെ കുതറിയോടിയ യുവതി ഒരു ഓട്ടോഡ്രൈവറുടെ സഹായത്താല്‍ രക്ഷപ്പെടുകയായിരുന്നു.

പന്തളം സ്വദേശിനിയായ മറ്റൊരു യുവതിയെയും പ്രതികള്‍ ലക്ഷ്യമിട്ടെന്നാണ് വിവരം. ഇവരെ വീട്ടുജോലിക്കായാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചത്. എന്നാല്‍ ഇവരോട് ലൈലയും ഭര്‍ത്താവും ലൈംഗിക ചുവയോടെ സംസാരിച്ചു. അസ്വഭാവികത തോന്നിയ യുവതി ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. നരബലിക്കായി നിരവധി പേരെ ലക്ഷ്യമിട്ടിരുന്നുവെന്ന ഷാഫിയുടെ മൊഴി ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.