അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന ബൈഡന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍

0
77

രാജ്യത്തിനെതിരായ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍. ഇസ്ലാമാബാദിലെ യുഎസ് പ്രതിനിധി ഡൊണാള്‍ഡ് ബ്ലോമിനെ വിളിച്ചുവരുത്തി. ‘ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന ബൈഡന്റെ പരാമര്‍ശത്തിനെതിരെയാണ് പാകിസ്ഥാന്റെ പ്രതിഷേധം.

”പാകിസ്ഥാന്‍ അതിന്റെ സമഗ്രതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കണമെങ്കില്‍ അവ ഇന്ത്യയുടെ ആണവായുധങ്ങളെക്കുറിച്ചായിരിക്കണം,” പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ പ്രസ്താവനയില്‍ പറഞ്ഞു. ബൈഡന്റെ അഭിപ്രായത്തില്‍ തനിക്ക് ആശ്ചര്യം തോന്നിയെന്നും വേണ്ടത്ര ഇടപഴകാത്തതാണ് തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

“ഞാൻ കരുതുന്നത് ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്ഥാൻ എന്നാണ്. യാതൊരു സുരക്ഷയും ഇല്ലാതെയാണ് അവിടെ ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്നത്” എന്നായിരുന്നു ബൈഡന്റെ വാക്കുകൾ. വ്യാഴാഴ്ച ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്റെ പ്രചാരണ സമിതിയുടെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.

റഷ്യ-യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചും അത് ലോകത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും സംസാരിക്കവെയാണ് യുഎസ് പ്രസിഡന്റ് ഈ അഭിപ്രായം അറിയിച്ചത്. എഫ്-16 കപ്പലുമായി ബന്ധപ്പെട്ട് യുഎസും പാകിസ്ഥാനും പ്രതിരോധ കരാർ യാഥാർത്ഥ്യമാക്കിയതിന് കേവലം മൂന്നാഴ്‌ചകൾക്ക് ശേഷമാണ് ബൈഡന്റെ അഭിപ്രായമെന്നതും ശ്രദ്ധേയമാണ്.

നേരത്തെ സൈനിക നിലനിൽപിനായി ‘ആർക്കെങ്കിലും’ പ്രത്യേക സാമഗ്രികൾ നൽകുന്നതിന് സഹായിക്കേണ്ടത് വാഷിംഗ്‌ണിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് പാകിസ്ഥാനുമായുള്ള പ്രതിരോധ കരാറിനെ ന്യായീകരിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സെപ്റ്റംബർ 26ന് പ്രതികരിച്ചത്. ഭീകരവാദത്തിന് എതിരെ പോരാടാൻ പാകിസ്ഥാന് ഇതാവശ്യമാണെന്നും ബ്ലിങ്കൻ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ വിഷയത്തിൽ ഇന്ത്യ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. “വളരെ സത്യസന്ധമായി പറഞ്ഞാൽ, പാക്കിസ്ഥാനോ അമേരിക്കയ്‌ക്കോ ഒരു ഗുണവും ചെയ്യാത്ത ഒരു ബന്ധമാണിത്. അതിനാൽ, ഈ ബന്ധത്തിന്റെ (യുഎസ്-പാകിസ്ഥാൻ ബന്ധം) ഗുണങ്ങൾ എന്താണെന്നും അതിലൂടെ തങ്ങൾക്ക് എന്താണ് ലഭിക്കുന്നതെന്നും ചിന്തിക്കേണ്ടത് യുഎസാണ്” വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു.

എന്നാൽ ഇന്ത്യൻ നിലപാടിനെ ചോദ്യം ചെയ്‌ത് പാകിസ്ഥാനും രംഗത്ത് വന്നിരുന്നു. പാകിസ്ഥാന് അമേരിക്കയുമായി ദീർഘകാലത്തെ ബന്ധമാണുള്ളത്. അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ മാനിക്കണമെന്നും യുഎസും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഇന്ത്യയോട് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.