സ്വകാര്യബസില്‍ നിന്നും തെറിച്ച്‌ റോഡിലേക്ക് വീണ് അമ്മയും കൈക്കുഞ്ഞും

0
80

തിരക്കുള‌ള റോഡിലൂടെ പോകുകയായിരുന്ന സ്വകാര്യബസിൽ നിന്നും തെറിച്ച്‌ റോഡിലേക്ക് വീണ് അമ്മയും കൈക്കുഞ്ഞും. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. റോഡിന് വശത്തെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിട്ടുണ്ട്.

റോഡിലേക്ക് വീണെങ്കിലും അമ്മയും കുഞ്ഞും പരിക്കേൽക്കാതെ ഭാഗ്യത്തിന് രക്ഷപ്പെട്ടു. യുവതി വീണയുടൻ ബസ് നിർത്തിയതിനാലാണ് കൂടുതൽ അപകടം ഒഴിവായത്. അപകടം നടന്നയുടൻ പ്രദേശവാസികളും നാട്ടുകാരും യുവതിയുടെയും കുഞ്ഞിന്റെയും സഹായത്തിനെത്തി.

പൻറൂത്തി എന്ന സ്ഥലത്തുനിന്നും കടലൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസിൽ നിന്നാണ് കുട്ടിയും അമ്മയും വീണത്. കടലൂരിനടുത്ത് നെല്ലിക്കുപ്പത്ത് വച്ച്‌ ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകട കാരണം. ബസിൽ പടികൾക്ക് സമീപം സീറ്റിൽ കുഞ്ഞിനെയും കൊണ്ടിരിക്കുകയായിരുന്നു യുവതി. ബ്രേക്ക് പിടിച്ചതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട് വീഴുകയായിരുന്നു.