താരദമ്പതികൾക്കായി വാടകഗർഭം ധരിച്ചത് നയൻതാരയുടെ ബന്ധുവായ മലയാളി യുവതിയാണെന്നു റിപ്പോർട്ട്

0
143

താരദമ്പതികളായ നടി നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും വേണ്ടി വാടകഗർഭധാരണത്തിനു തയാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്നു റിപ്പോർട്ട്. നയൻതാരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും പറയുന്നു. വാടകഗർഭധാരണം സംബന്ധിച്ച വിവാദങ്ങൾക്കു മറുപടിയായി ഇരുവരും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്‌മൂലം നൽകിയതിനു പിന്നാലെയാണ് ഈ റിപ്പോർട്ടു പുറത്തുവന്നത്.

6 വർഷം മുൻപേ വിവാഹിതരായതാണെന്നും കഴിഞ്ഞ ഡിസംബറിൽ തന്നെ വാടകഗർഭധാരണ കരാർ നടപടികൾ പൂർത്തിയാക്കിയതിനാൽ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്‌മൂലം നൽകിയത്. ഒരുമിച്ചു ജീവിച്ചിരുന്ന (ലിവിങ് ടുഗെദർ) ഇരുവരും ഈ ജൂൺ 9നു നടന്ന വിപുലമായ ചടങ്ങിൽ വിവാഹിതരായത് വാർത്തയായിരുന്നു. എന്നാൽ, 2016ലേ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

ജൂണിലെ വിവാഹം കഴിഞ്ഞു 4 മാസമാകും മുൻപ് ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായെന്ന വാർത്ത പുറത്തുവന്നതോടെയാണ് വാടകഗർഭധാരണ (സറഗസി) ഭേദഗതി നിയമപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചെന്ന ആരോപണം ഉയർന്നത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടകഗർഭധാരണം തിരഞ്ഞെടുക്കാവൂ എന്നതടക്കമുള്ള കർശന ചട്ടങ്ങൾ ലംഘിച്ചെന്ന വിവാദത്തെ തുടർന്ന് ആരോഗ്യവകുപ്പ് സമിതി അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇക്കൊല്ലം നിലവിൽ വന്ന നിയമഭേദഗതി ജൂൺ 22നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുൻപേ വാടകഗർഭധാരണ നടപടികൾ പൂർത്തിയാക്കിയതിനാൽ ഇതു ബാധകമാകില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ വാസ്തവമില്ലെന്നും താരദമ്പതികളുടെ സത്യവാങ്മൂലത്തിൽ പറയുന്നു.