കൊച്ചിയില്‍ ആവേശപ്പോര്: കണക്ക് തീര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

0
109

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങും. കരുത്തരായ എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചിയില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

ഐഎസ്എല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാറുള്ള മത്സരമാണ് ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലുള്ളത്. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. കേരളത്തിന് തീര്‍ക്കാന്‍ കണക്കുകള്‍ ബാക്കിയുണ്ട്. രണ്ട് തവണ കലാശപ്പോരില്‍ കേരളത്തെ വീഴ്ത്തിയ ടീമാണ് എടികെ. 2014ലും 2016ലും എടികെയ്ക്ക് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണിരുന്നു.

ഇത്തവണ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നല്‍കുന്ന ആത്മവിശ്വാസവുമായി ബ്ലാസ്റ്റേഴ്‌സ് എത്തുമ്പോള്‍ തുടക്കത്തില്‍ അടിതെറ്റിയാണ് എടികെയുടെ വരവ്. ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയപ്പോള്‍ എടികെ ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയിന്‍ എഫ്സിയോട് തോല്‍ക്കുകയായിരുന്നു.