കാലടിയിൽ സമാന്തര പാലം നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

0
109

10 വർഷമായി കാലടി കാത്തിരിക്കുന്ന സമാന്തര പാലം യാഥാർഥ്യമാകാൻ പോകുകയാണെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. കരാർ ഒപ്പിട്ട് കഴിഞ്ഞു. ഉടൻതന്നെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേറ്റത് മുതൽ പ്രധാനമായും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുളളവർ ശ്രദ്ധയിൽപ്പെടുത്തിയ വിഷയമാണ് കാലടി ശങ്കരാചാര്യ  പാലത്തിന്റേത്. 10 വർഷം മുൻപ്, 2012 ൽ ഇവിടെ സമാന്തര പാലം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചുവെങ്കിലും ഇതുവരെയും അതിൻ്റെ പ്രവൃത്തി ആരംഭിക്കാൻ സാധിച്ചിരുന്നില്ല. 2021 ജൂണ്‍ 14ന് കാലടി പാലം സന്ദർശിച്ചു. ജനങ്ങളുടെ  ബുദ്ധിമുട്ടുകൾ അന്ന് നേരിട്ട് മനസിലാക്കി. ജില്ലയിലെ മൂന്ന് എംഎൽഎമാർ ഉൾപ്പെടെ  വിവിധ രാഷ്‌ട്രീയ പാർട്ടി നേതൃത്വവും കൂടെ ഉണ്ടായിരുന്നു.

തുടർന്ന് 2021 ആഗസ്റ്റ് 8 ന് കാലടി പാലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ  തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു. മന്ത്രി പി രാജീവ്, അങ്കമാലി എംഎൽഎ റോജി എം ജോൺ, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്,  എല്‍ദോസ് കുന്നപ്പള്ളി വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പുതിയ പാലം നിർമ്മാണവുമായി മുന്നോട്ട് പോകാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

പഴയ പാലം സംബന്ധിച്ച് വിശദമായ പഠനം നടത്താൻ തീരുമാനിക്കുകയും 2021 ഡിസംബർ മാസത്തിൽ ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും കേരള ഹൈവെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദഗ്ധ സംഘം പരിശോധനകൾ നടക്കുകയും ചെയ്‌തുവെന്നും മന്ത്രി പറഞ്ഞു.