ഡോളർ സൂചിക ശക്തിപ്പെടുന്നതാണ് ഇന്ത്യൻ രൂപ ദുർബലമാവാൻ കാരണം

0
89

ഡോളർ സൂചിക ശക്തിപ്പെടുന്നതാണ് ഇന്ത്യൻ രൂപ പ്രധാനമായും ദുർബലമാവാൻ കാരണമെന്നും, എന്നാൽ മറ്റ് വളർന്നുവരുന്ന വിപണി സമ്പദ്‌വ്യവസ്ഥകളുടെ കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപ നല്ല നിലയിലാണെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേഷ് ഖര പറഞ്ഞു.

ഇറക്കുമതി കൂടുതലുള്ള രാജ്യമെന്ന നിലയിൽ രൂപയുടെ മൂല്യത്തകർച്ച ആശങ്കാജനകമാണെന്നും അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തോടനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിൽ ഖാര പിടിഐയോട് പറഞ്ഞു. വെള്ളിയാഴ്‌ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.19ലാണ് ക്ലോസ് ചെയ്‌തത്‌.

ഡോളർ സൂചിക 0.56 ശതമാനം ഉയർന്ന് 112.99 ആയി. ബ്രസീലും, ഇന്തോനേഷ്യയും മാത്രമാണ് ഇന്ത്യൻ രൂപയേക്കാൾ മികച്ച പ്രകടനം നടത്തിയ രാജ്യങ്ങളെന്ന് ഖര ചൂണ്ടിക്കാട്ടി. രൂപ പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും നിലവിലെ മൂല്യത്തകർച്ച ആശങ്കയുണ്ടാക്കുന്നതായി ഖര പറഞ്ഞു.

“ഇത് വളരെ ആശങ്കാജനകമാണ്, പ്രത്യേകിച്ച് കാര്യമായ ഇറക്കുമതി നടത്തുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം. പക്ഷേ, ഡോളർ പോലും ബുദ്ധിമുട്ടുമ്പോൾ രൂപയ്ക്ക് എത്രത്തോളം പിടിച്ചുനിൽക്കാനാകും? എന്നിട്ടും ഈ സാഹചര്യത്തിൽ രൂപ നന്നായി മുന്നോട്ട് പോവുന്നുണ്ട് ”അദ്ദേഹം പറഞ്ഞു.