സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപാലം ഗതാഗതത്തിനായി തുറന്നു. റെഡ്സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ദ്വീപിലെ 11 റിസോർട്ടുകളുടെയും അവിടെയുള്ള നിരവധി ഇതര താമസ കേന്ദ്രങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പാലം പ്രധാന പങ്കുവഹിക്കും.
3.3 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാലം. വിവിധതരം സസ്യജാലങ്ങളാൽ സമ്പന്നവും മനോഹരവുമായ ഭൂപ്രകൃതിയിലൂടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ നയിക്കുന്ന പാതയാണ് ഈ പാലം.
പാലത്തിൽ ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേർന്ന് നടന്നുപോകാൻ പറ്റുന്ന കാൽനട പാതയും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ പരിഗണിച്ച് പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും കണക്കിലെടുത്താണ് പാലത്തിന്റെ രൂപകൽപന. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്.
പല തരത്തിലുള്ള ലാൻഡ്‌സ്‌കേപ്പിങ് പ്രവർത്തനങ്ങളിലൂടെ പാലം മനോഹരമാക്കും. പരിസ്ഥിതി സംരക്ഷണം എന്ന ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തന്നെ പാലത്തിൽ പ്രകൃതിദത്ത വിളക്കുകളാണ് ഉപയോഗിക്കുന്നത്.