നായ പരിശോധനയിൽ എല്ല് കണ്ടെത്തി

0
71

നാടിനെ നടുക്കിയ നരബലി കേസുമായി ബന്ധപ്പെട്ട് ഭഗവല്‍ സിംഗിന്റെ വീട്ട് പരിസരത്തുനിന്ന് കണ്ടെടുത്ത അസ്ഥിയില്‍ പൊലീസിന് സംശയം. അസ്ഥി ഒളിപ്പിച്ച നിലയിലായിരുന്നു. മരത്തിനു പിറകില്‍ ചെറിയ കുഴിയില്‍ കല്ല് കൊണ്ട് മറച്ച നിലയിലായിരുന്നു അസ്ഥി. ഇതാണ് പൊലീസിന് സംശയമുണ്ടാകാന്‍ കാരണം. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ പശ്ചാത്തലത്തില്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും ഒരുമിച്ച് നടത്തുകയാണ് പൊലീസ്. ലൈലയുടെ മൊഴിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടോ എന്ന സംശയത്തിന് കാരണമായത്. സംശയ ദൂരീകരണത്തിനാണ് വീട്ടുവളപ്പില്‍ പൊലീസ് കുഴിച്ചുനോക്കി പരിശോധന നടത്തുന്നത്.

ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളേയും ഇലന്തൂരിലെത്തിച്ചത് മൂന്ന് വാഹനങ്ങളിലാണ്. ചോദ്യം ചെയ്യലില്‍ മൂന്ന് പ്രതികളുടേയും മൊഴികള്‍ തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മൂന്നുപേരെയും പ്രത്യേകം വാഹനങ്ങളില്‍ പ്രദേശത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്തറിഞ്ഞ ശേഷം പ്രതികള്‍ ഇലന്തൂരിലെത്തിയപ്പോള്‍ നാട്ടുകാരും യുവജനസംഘടനകളും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.