യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

0
89

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഹോമിയോ മരുന്നുകട ഉടമ അറസ്റ്റിൽ. അഞ്ച് ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ 1 എന്ന സ്ഥപാനം നടത്തുന്ന ഇടപ്പള്ളി നോർത്ത് കുന്നുംപുറത്ത് താമരശ്ശേരി വീട്ടിൽ ടി.എൻ.നവാസിനേയാണ് അറസ്റ്റു ചെയ്തത്. ആഗസ്റ്റ് 10 ന് യുവതി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. അറസ്റ്റു ചെയ്ത നവാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആരോപണമുന്നയിച്ച യുവതി 2014 ൽ നഗരത്തിൽ ജോലി ചെയ്യുമ്പോഴാണ് നവാസിനെ പരിചയപ്പെടുന്നത്. നവാസ് ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ 1 എന്ന സ്ഥാപനം ആരംഭിച്ചത് 2021 ഫെബ്രുവരിയിലായിരുന്നു. ഹോമിയോ മരുന്നുകളെക്കുറിച്ച് അറിവില്ലായിരുന്ന നവാസിന് ഷോപ് തുടങ്ങാനുള്ള സഹായം ചെയ്തു നൽകിയത് ഈ യുവതിയാണ്. 2021 മാർച്ചിൽ ഇടപ്പള്ളി ടോളിലെ തന്റെ ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ യുവതിയെ നവാസ് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.

ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു പിന്നെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ജൂൺ വരെ പീഡനം തുടർന്നുവെന്നു പറയുന്ന യുവതി ഒടുവിൽ താൻ വഴങ്ങാതിരുന്നപ്പോൾ തന്നെ മർദിക്കുകയും ഭർത്താവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ചോദിക്കുകയുമായിരുന്നുവെന്നും ഇതോടെ അഞ്ച് ലക്ഷം രൂപ നൽകിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.