യു പിയിൽ എൽഈഡി ബൾബ് മോഷ്ടിച്ച പോലീസുകാരന് സസ്പെന്ഷന്

0
133

അടുത്തിടെ കാൺപൂർ പൊലീസിന്റെ ഒരു വീഡിയോ വൈറലായിരുന്നു. പട്രോളിംഗിനിടെ റോഡരികിൽ ഉറങ്ങുകയായിരുന്ന ഒരാളുടെ മൊബൈൽ മോഷ്ടിക്കുന്ന കോൺസ്റ്റബിളിന്റെ സിസിടിവി ദൃശ്യമായിരുന്നു അത്. വീഡിയോ വൈറലായതോടെ കാൺപൂർ പൊലീസിന് വലിയ നാണക്കേടാവുകയും ചെയ്തു. പിന്നീട് കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ സമാന രീതിയിൽ പ്രയാഗ്‌രാജിൽ നിന്നും മറ്റൊരു കോൺസ്റ്റബിളിന്റെ വീഡിയോ വൈറലാകുകയാണ്.

പ്രയാഗ്‌രാജ് ജില്ലയിലെ ഫുൽപൂർ പൊലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ എൽഇഡി ബൾബ് മോഷ്ടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. അടഞ്ഞുകിടക്കുന്ന ഒരു കടയിലേക്ക് കോൺസ്റ്റബിൾ രാജേഷ് വർമ്മ വരുന്നതും, ചുറ്റും നോക്കിയ ശേഷം മെല്ലെ പുറത്തുണ്ടായിരുന്ന ബൾബ് ഊരിയെടുക്കുന്നതും വിഡിയോയിൽ കാണാം. ക്ഷമയോടെ അഴിച്ച ശേഷം ബൾബ് പോക്കറ്റിൽ വച്ച് ഒന്നും അറിയാത്ത പോലെ അവിടെ നിന്നും പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തം. ഒക്ടോബർ ആറിനാണ് സംഭവമെന്ന് നാട്ടുകാർ പറയുന്നു.

പിറ്റേന്ന് രാവിലെ ബൾബ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട കടയുടമ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. പൊതുജനങ്ങൾക്ക് സേവനം നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥൻ ബൾബ് മോഷ്ടിക്കുന്നത് കണ്ട കടയുടമ ശരിക്കും ഞെട്ടി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി ആളുകൾ രംഗത്തെത്തി. വൻ പ്രതിഷേധത്തെ തുടർന്ന് പൊസുകാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഇരുട്ടായതിനാൽ താൻ നിലയുറപ്പിച്ച സ്ഥലത്ത് ബൾബ് ഊരിമാറ്റി സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസ് വാദിച്ചു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.