വാളയാറിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു ; കുട്ടിക്കൊമ്പന്റെ തുമ്പിക്കൈക്ക്‌ പരിക്ക്‌

0
160

വാളയാറിൽ ട്രെയിനിടിച്ച് 20 വയസ്സുള്ള  പിടിയാന ചരിഞ്ഞു. ഒപ്പമുണ്ടായിരുന്ന കുട്ടിക്കൊമ്പന്റെ തുമ്പിക്കൈക്ക്‌ പരിക്ക്‌. വാധ്യാർചള്ളയിലെ വനത്തിലൂടെ കടന്നുപോകുന്ന ബി ലൈൻ ട്രാക്കിലാണ് അപകടം.  വെള്ളി പുലർച്ചെ 3.15ന് കന്യാകുമാരി––ദിബ്രുഗഢ്‌ വിവേക് എക്സ്പ്രസാണ്‌ പാളം മുറിച്ചുകടന്ന കാട്ടാനക്കൂട്ടത്തെ ഇടിച്ചത്‌.

ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് വനംവകുപ്പിനെ വിവരമറിയിച്ചു. 20 മിനിട്ടിനുശേഷം എൻജിൻ തകരാറില്ലെന്ന് ഉറപ്പാക്കി ട്രെയിൻ പോയി. ചരിഞ്ഞ ആനയ്ക്കുചുറ്റും ആനക്കൂട്ടം നിലയുറപ്പിച്ചതോടെ മണിക്കൂറുകളോളം വാധ്യാർചള്ള മേഖല ഭീതിയിലായി. കഞ്ചിക്കോട്, വാളയാർ മേഖലയിൽ സ്ഥിരമായി ഇറങ്ങാറുള്ള 17 അംഗ കാട്ടാനക്കൂട്ടത്തെ മുന്നിൽ നയിക്കുന്ന പിടിയാനയാണ് ചരിഞ്ഞതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. തുമ്പിക്കൈക്ക് ഗുരുതര പരിക്കേറ്റ കുട്ടിയാനയ്ക്കായി വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചു. ചരിഞ്ഞ ആനയുടെ ജഡം പോസ്റ്റുമോർട്ടത്തിനുശേഷം റെയിൽവേ ട്രാക്കിനരികിൽ കുഴിയെടുത്ത് സംസ്കരിച്ചു.

കുട്ടിക്കൊമ്പന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്
അപകടത്തിൽ പരിക്കേറ്റ കുട്ടിക്കൊമ്പന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. ചുള്ളിമട കൊട്ടാമുട്ടി ദുരൈസാമിയുടെ ഭാര്യ സരസുവിനാണ് (പാപ്പാൾ-–-58) പരിക്കേറ്റത്. ഇടുപ്പെല്ലിന് പരിക്കേറ്റ ഇവരെ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാധ്യാർചള്ളയിൽനിന്ന് ഒരുകിലോമീറ്റർ അകലെ ജനവാസ മേഖലയായ കൊട്ടാമുട്ടിയിലെത്തിയ ആന പിന്നീട്‌ വനത്തിലേക്ക് കയറി. ആനയ്ക്കായി തിരച്ചിൽ തുടരുന്നു.