കശ്മീരി പണ്ഡിറ്റ് വധം: ഉത്തരവാദിത്തം ഏറ്റെടുത്ത് ‘കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്’

0
100

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ‘കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്’. ‘ഇന്ന് ഷോപ്പിയാനിലെ ചൗധരി ഗുണ്ടില്‍ ഞങ്ങളുടെ കേഡര്‍ നടത്തിയ ഓപ്പറേഷനില്‍ ഒരു കശ്മീരി പണ്ഡിറ്റായ പുരണ്‍ കൃഷ്ണനെ വധിച്ചു’, സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം മോദിയുടെ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റുകള്‍ക്കും തദ്ദേശീയരല്ലാത്തവര്‍ക്കും നേരെയുള്ള ഞങ്ങളുടെ ആക്രമണങ്ങളെക്കുറിച്ച് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങള്‍ ഞങ്ങളുടെ കണ്ണില്‍ പെടില്ലെന്ന് കരുതരുത്. ഇത് വെറും സമയത്തിന്റെയും സ്ഥലത്തിന്റെയും കാര്യം മാത്രമാണ്. അടുത്ത ഊഴം നിങ്ങളുടേതായിരിക്കും,’ പ്രസ്താവനയില്‍ പറയുന്നു.

ശനിയാഴ്ച രാവിലെയാണ് സ്വന്തം വീടിന് പുറത്തുവെച്ച് പുരണ്‍ കൃഷന്‍ ഭട്ടിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം, പ്രദേശം വളഞ്ഞിരിക്കുകയാണെന്നും തിരച്ചില്‍ പുരോഗമിക്കുകയാണെന്നും കശ്മീര്‍ സോണ്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും രംഗത്തെത്തിയിരുന്നു. ”ഷോപിയാനില്‍ പുരണ്‍ കൃഷന്‍ ഭട്ടിനെ തീവ്രവാദികള്‍ ആക്രമിച്ചത് ഭീരുത്വമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. അക്രമികള്‍ക്കും തീവ്രവാദികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.”, അദ്ദേഹം പറഞ്ഞു.