അരക്കോടിയുടെ മയക്കുമരുന്ന് പിടിച്ചു ;4 പേർ അറസ്റ്റിൽ

0
216

കാപ്പ പ്രതിയുടെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിൽ അരക്കോടി രൂപയുടെ മയക്കുമരുന്നുമായി നാലുപേർ അറസ്റ്റിൽ. മംഗലം എൻഒസി പടിയിൽ തിരൂർ പൊലീസ് നടത്തിയ പരിശോധനയിൽ പുറത്തൂർ മുട്ടന്നൂർ തൊട്ടിവളപ്പിൽ നവാസ് (28), പൊന്നാനി തൃക്കാവ് തറയിൽ വീട്ടിൽ വിഷ്ണു (28), എൻഒസിപടി ഒറ്റയിൽ മുഹമ്മദ്‌ ഷാമിൽ (30), പൊന്നാനി കറുത്തമാക്കാതകത്ത് ബദറുദ്ദീൻ (30) എന്നിവരാണ്‌ പിടിയിലായത്‌. 14.2 കിലോ കഞ്ചാവും 900 ഗ്രാം ഹാഷിഷ് ഓയിലും വടിവാളുകളും കുരുമുളക് സ്‌പ്രേയും കണ്ടെടുത്തു.

പൊന്നാനി സ്വദേശി ഏഴുടിക്കൽ ഷമീമിനെ കാപ്പചുമത്തി നാടുകടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ പൊന്നാനിയിൽനിന്ന്‌ വീണ്ടും അറസ്റ്റുചെയ്തു. ഒളിവിൽ താമസിച്ചിരുന്നത് എൻഒസി പടിയിലെ വാടക ക്വാർട്ടേഴ്സിലാണ്‌. തുടർന്നാണ് തിരൂർ ഇൻസ്‌പെക്ടർ എം ജെ ജിജോയുടെ നേതൃത്വത്തിൽ ക്വാർട്ടേഴ്സ് വളഞ്ഞ് പരിശോധിച്ചത്. പ്രദേശത്തെ ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടുപേർ രക്ഷപ്പെട്ടു. മയക്കുമരുന്ന് ആന്ധ്രപ്രദേശിൽനിന്ന്‌ എത്തിച്ചതാണെന്നും പ്രാദേശിക വിപണിയിൽ അരക്കോടിയോളം രൂപ വിലവരുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.