വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ട്രാൻസ്‌ജെൻഡേഴ്സിന്റെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ സംവിധാനം ഒരുക്കും: മന്ത്രി ആർ.ബിന്ദു

0
82

ട്രാൻസ്ജൻഡർ വ്യക്തികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കാൻ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഈ വിഭാഗത്തിലുള്ളവർക്ക് വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൂടിയാകും ഇതെന്നും മന്ത്രി പറഞ്ഞു. ‘വർണ്ണപ്പകിട്ട്’ എന്ന പേരിൽ തിരുവനന്തപുരത്ത് നടക്കുന്ന ട്രാൻസ്ജെൻഡർ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമഗ്ര വികസനം ഉറപ്പാക്കാൻ രൂപം നൽകിയ ‘മഴവില്ല്’ പദ്ധതി മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇവരെ മുഖ്യധാരയിലേക്കുയർത്തുന്നതിനായാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ് ജൻഡർ വിഭാഗത്തിന് രണ്ട് സീറ്റ് സംവരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ട്രാൻസ്ജെൻഡർ സമൂഹത്തിന് എല്ലാത്തരത്തിലുമുള്ള സാമൂഹികനീതി ഉറപ്പാക്കുകയെന്നതു സർക്കാർ നയമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാമൂഹികനീതിയിലൂന്നിയ സർക്കാർ സമീപനത്തിന്റെ പ്രതിഫലനമാണ് കേരളത്തിലെ ട്രാൻസ്ജെൻഡർ നയമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. കൂടുതൽ മുന്നോട്ട് വരുന്നതിനായി സാമ്പത്തിക ശാക്തീകരണം അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സംഭാവന നൽകിയ ട്രാൻസ് ജെൻഡർ വ്യക്തികൾക്കുള്ള അവാർഡ് വിതരണവും വേദിയിൽ നടന്നു. വിദ്യാഭ്യാസ മേഖലയിൽ ഡോ. വി.എസ്. പ്രിയ (തൃശൂർ), ആനന്ദ് സി. രാജപ്പൻ (ചിഞ്ചു അശ്വതി), സാമൂഹ്യസേവന രംഗത്ത് ശ്രുതി സിത്താര (കോട്ടയം), സുകു തിരുവനന്തപുരം, കല/കായികം വിഭാഗത്തിൽ പ്രവീൺ നാഥ് (പാലക്കാട്), സഞ്ജന ചന്ദ്രൻ (കോഴിക്കോട്), സംരംഭകത്വ മേഖലയിൽ സീമ വിനീത് (തിരുവനന്തപുരം), വർഷ നന്ദിനി (പാലക്കാട്) എന്നിവരാണ് അവാർഡുകൾ നേടിയത്. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.

സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന, ട്രാൻസ്ജെൻഡർ കവയത്രി വിജയരാജമല്ലിക, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പാൾ ഡി. സജി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം അയ്യങ്കാളി ഹാൾ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് തുടങ്ങിയ വേദകളിലായി നടക്കുന്ന കലോത്സവം ഞായറാഴ്ച വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം ഗതാഗത വകപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.